ഇടുക്കി: അടിമാലിയിൽ ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന് 38കാരനായ അനിൽ മരിച്ചു. ശല്യാംപാറ സ്വദേശിയായ അനിലിന്റെ മൂത്ത സഹോദരൻ പ്രസാദിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലെത്തിയ പ്രസാദ് സഹോദരനുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വിവരം. അടുത്തടുത്ത വീടുകളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മോഷണക്കേസിൽ ജയിലിലായിരുന്ന പ്രസാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയശേഷം മദ്യപിച്ചെത്തിയ പ്രസാദ് അനിലിന്റെ വീട്ടിലെത്തി രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് അനിലിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ചോരയിൽ കുളിച്ച് കിടന്ന സഹോദരനെ അവഗണിച്ച് പ്രസാദ് വീട്ടിനുള്ളിലിരുന്ന് ടി.വി. കാണുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പ്രസാദ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്ന് നാട്ടുകാർ ആരോപിക്കുന്നതായും റിപ്പോർട്ടിലുണ്ട്.
സംഭവസമയത്ത് അനിലിന്റെ ഭാര്യയും കുട്ടികളും ആശുപത്രിയിലായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അനിലിനെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള പ്രസാദിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.











Leave a Reply