ന്യൂസ് ഡെസ്ക്, മലയാളം യുകെ
2026ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിങ് അവാർഡിന്റെ അവസാന പത്ത് സ്ഥാനാർഥികളിൽ മലയാളി നേഴ്സ് ഡോ. അജിമോൾ പ്രദീപും ഇടം നേടി. 214 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 1.34 ലക്ഷത്തിലേറെ അപേക്ഷകളിലും നാമനിർദേശങ്ങളിലും നിന്നാണ് അജിമോൾ ഉൾപ്പെടെ പത്ത് പേരെ അവസാന പട്ടികയിലേക്ക് തിരഞ്ഞെടുത്തത്. നേഴ്സിങ് മേഖലയിലെ മികച്ച സേവനം, നേതൃത്വപാടവം, സമൂഹസേവനം, വിദ്യാഭ്യാസം, ആരോഗ്യരംഗത്തെ പുതിയ ആശയങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരത്തിനായുള്ള തിരഞ്ഞെടുപ്പ്. അന്തിമ വിജയിക്ക് 2.5 ലക്ഷം യുഎസ് ഡോളർ സമ്മാനമായി ലഭിക്കും.

ലണ്ടനിലെ കിങ്സ് കോളജ് ആശുപത്രിയിൽ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായി പ്രവർത്തിക്കുന്ന അജിമോൾ 25 വർഷത്തിലേറെയായി നേഴ്സിങ് രംഗത്തുണ്ട്. ഏഷ്യൻ വംശജരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരും അവയവമാറ്റത്തിനായി ദീർഘകാലം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മനസ്സിലാക്കിയ അജി മോൾ അവയവദാനത്തിന്റെ പ്രാധാന്യം ഈ സമൂഹങ്ങളിലേക്ക് എത്തിക്കുന്നതിനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. അഞ്ച് വർഷം നീണ്ട ബോധവത്കരണ പ്രവർത്തനത്തിലൂടെ ആയിരക്കണക്കിന് ദക്ഷിണേഷ്യക്കാരെ അവയവദാതാക്കളായി രജിസ്റ്റർ ചെയ്യാൻ അവർ പ്രേരിപ്പിച്ചു. സാമൂഹിക പ്രവർത്തകരുമായും ഡോക്ടർമാരുമായും മറ്റ് ആരോഗ്യപ്രവർത്തകരുമായും ചേർന്നായിരുന്നു ഈ പ്രവർത്തനം.
അവയവദാന പ്രചാരണത്തിനൊപ്പം ബ്രിട്ടനിൽ ജോലി ചെയ്തിരുന്ന അന്താരാഷ്ട്ര പരിശീലനം നേടിയ നേഴ്സുമാർക്ക് രജിസ്ട്രേഷൻ നേടാനുള്ള തടസ്സങ്ങൾ നീക്കുന്നതിനും അജി മോൾ നിർണായകമായി ഇടപെട്ടു. ഡോ. ദില്ല ഡേവിസിനൊപ്പം നടത്തിയ എസ്.ഐ.എഫ്.ഇ. പ്രചാരണമാണ് ഇംഗ്ലീഷ് ഭാഷാ പരീക്ഷയുമായി ബന്ധപ്പെട്ട നേഴ്സിങ് രജിസ്ട്രേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിന് വഴിയൊരുക്കിയത്. 2023ൽ പുതിയ സംവിധാനം നിലവിൽ വന്നതോടെ 2025 മാർച്ചോടെ പതിനായിരത്തിലധികം അന്താരാഷ്ട്ര നേഴ്സുമാർക്ക് ബ്രിട്ടീഷ് നേഴ്സിങ് രജിസ്റ്ററിൽ ചേരാൻ കഴിഞ്ഞു. നേരത്തെ ബ്രിട്ടീഷ് ജേണൽ ഓഫ് നേഴ്സിങ് പുരസ്കാരത്തിൽ ‘ നേഴ്സ് ഓഫ് ദി ഇയർ’ ബഹുമതിയും ഇപ്പോൾ ബ്രിട്ടീഷ് എംപയർ മെഡലും ലഭിച്ചിട്ടുള്ള അജിമോളിന്റെ പ്രവർത്തനങ്ങൾക്കുള്ള മറ്റൊരു വലിയ അംഗീകാരമാണ് ആഗോള നേഴ്സിങ് പുരസ്കാരത്തിന്റെ അവസാന പത്തിൽ ഇടം നേടിയിരിക്കുന്നത്.

അജിമോൾ പ്രദീപിനെ പിന്തുണയ്ക്കാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ വോട്ട് ചെയ്യാം: വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
https://apply.asterguardians.com/voting
അന്താരാഷ്ട്ര നേഴ്സിങ് ദിനമായ മേയ് 12നാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിങ് അവാർഡിന്റെ ഫൈനലിസ്റ്റുകളുടെ പട്ടിക പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നിന്ന് അജിമോൾ പ്രദീപിനെ കൂടാതെ മറ്റൊരു നേഴ്സും അവസാന പത്ത് പേരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സ്വീഡൻ, സൗദി അറേബ്യ, ചൈന, കൊളംബിയ, നമീബിയ, നൈജീരിയ, പാപുവ ന്യൂ ഗിനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റ് ഫൈനലിസ്റ്റുകൾ. അവസാന പത്ത് പേരിൽ നിന്ന് ഏറ്റവും കൂടുതൽ ഓൺലൈൻ വോട്ടുകൾ നേടുന്നയാളെയാണ് അന്തിമ വിജയിയായി തിരഞ്ഞെടുക്കുക.

2008 മുതൽ അവയവമാറ്റ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അജിമോൾ, 2013 മുതൽ ‘ഉപഹാർ’ എന്ന ചാരിറ്റി സംഘടനയിലൂടെയും അവയവദാന ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഉപഹാറിന്റെ ട്രസ്റ്റിമാരിൽ ഒരാളായ അജിമോൾ, കേരളത്തിലെ അവയവദാന പ്രവർത്തനങ്ങളിൽ ശ്രദ്ധേയനായ ഫാ. ഡേവീസ് ചിറമ്മേലിന്റെ ‘കിഡ്നി ഫോർ ലൈഫ്’ പദ്ധതിയുടെ ബ്രിട്ടനിലെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നുണ്ട്. ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കിടയിൽ അവയവദാനത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കുന്നതിലും ഈ സമൂഹങ്ങൾ നേരിടുന്ന അവഗണനയ്ക്കെതിരെ പ്രവർത്തിക്കുന്നതിലും അജിമോൾ ശ്രദ്ധേയമായ ഇടപെടലാണ് നടത്തുന്നത്.

നേഴ്സിങ് മേഖലയിലെ സേവനത്തിനൊപ്പം മാനസിക സമ്മർദം അനുഭവിക്കുന്നവരെ സഹായിക്കുന്ന ‘കേൾക്കാം’ പദ്ധതിയുടെ മുഖ്യ സംഘാടകരിൽ ഒരാളുമാണ് അജിമോൾ. ഹെൽത്ത് സർവീസ് ജേണൽ അവാർഡ്, ബ്രിട്ടീഷ് ജേണൽ ഓഫ് നേഴ്സിങ് അവാർഡിലെ ‘നേഴ്സ് ഓഫ് ദ ഇയർ’ ബഹുമതി എന്നിവയും അജിമോളിന് നേരത്തെ ലഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നേഴ്സായി പ്രവർത്തിച്ച അവർ പിന്നീട് ഉപരിപഠനവും പിഎച്ച്ഡിയും പൂർത്തിയാക്കി ലണ്ടനിലെ കിങ്സ് കോളജിൽ ലിവർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററായി പ്രവർത്തിച്ചു.
അജിമോൾ കോട്ടയം ചുങ്കം കാനാക്കുന്നേൽ കെ.ജെ. ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്. ഭർത്താവ് ചാക്കോ പ്രദീപ് ജേക്കബ്. വിദ്യാർഥികളായ കാത്തിയും വാലന്റീനും മക്കളാണ്. കുടുംബത്തോടൊപ്പം ബ്രിട്ടനിലെ കെന്റിലെ ആഷ്ഫോർഡിലാണ് താമസം.











Leave a Reply