ജോർജ് മാത്യു
ബിർമിംഗ്ഹാം: ആരോഗ്യരംഗത്ത് നിസ്വാർത്ഥ സേവനത്തിലൂടെയും അസാധാരണമായ പ്രതിബദ്ധതയിലൂടെയും സമൂഹത്തിന് മാതൃകയാകുന്ന നഴ്സുമാരെ ആദരിക്കുന്ന നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് ഡിസംബർ 12-ന് കവൻട്രിയിൽ സമ്മാനിക്കും.
ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “നുഹ്റോ” എക്യുമെനിക്കൽ കരോൾ മത്സരത്തിന്റെ ഭാഗമായി നടക്കുന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാര വിതരണം.
കവൻട്രിയിലെ വില്ലൻഹാൾ സോഷ്യൽ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും നഴ്സിംഗ് മേഖലയിലെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

രോഗി പരിചരണരംഗത്ത് അതുല്യമായ സേവനമനോഭാവം പ്രകടിപ്പിക്കുകയും, സമൂഹത്തിന്റെ ക്ഷേമത്തിനായി ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്യുന്ന നഴ്സുമാരെ കണ്ടെത്തി ആദരിക്കുക എന്നതാണ് ഈ പുരസ്കാരത്തിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യരംഗത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ അർപ്പണബോധവും കരുണയും സേവനസന്നദ്ധതയും സമൂഹത്തിന് മുന്നിൽ കൂടുതൽ പ്രാധാന്യത്തോടെ ഉയർത്തിക്കാട്ടാനും ഈ അവാർഡ് ലക്ഷ്യമിടുന്നു.

നിരവധി വെല്ലുവിളികൾക്കിടയിലും രോഗികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും മുൻനിർത്തി അക്ഷീണം പ്രവർത്തിക്കുന്ന നഴ്സുമാരുടെ ആത്മസമർപ്പണത്തിനുള്ള സമൂഹത്തിന്റെ ആദരവും അംഗീകാരവുമായിരിക്കും നാഷണൽ നഴ്സസ് എക്സലൻസ് അവാർഡ് എന്ന് സംഘാടകർ വ്യക്തമാക്കി.
“നോമിനേഷൻ നവംബർ 1 വരെ”
നാഷണൽ നഴ്സസ് എക്സലൻസ് അവാർഡിനുള്ള നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 1 ആണ്. അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.











Leave a Reply