ലിവർപൂൾ മലയാളി ഹിന്ദു സമാജം ഓണാഘോഷം ‘തുമ്പപ്പുലരി 2026’ ഗംഭീരമായി ആഘോഷിച്ചു. ലിവർപൂൾ മലയാളി ഹിന്ദു സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘തുമ്പപ്പുലരി 2026’ August 29-ന് ലിവർപൂൾ കാർഡിനൽ ഹീനൻ സ്കൂളിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേരളത്തിലെ പരമ്പരാഗത ആചാരപ്രകാരം തൃക്കാക്കരയപ്പനെ വെച്ച് ഓണം കൊള്ളുന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. LMHS ജോ.സെക്രട്ടറി നിഷ മുണ്ടേക്കാട് സ്വാഗതവും ഓണശംസകളും നേർന്നു.

താലപ്പൊലി, സാത്വിക ആർട്ട് ആൻഡ് കൾച്ചറൽ സെന്ററിൻ്റെ ചെണ്ട ടീമിൻ്റെ ചെണ്ടമേളം, പുലിക്കളി, എന്നിവയുടെ അകമ്പടിയോടെ എഴുന്നള്ളിയ മഹാബലിയെ സദസ് സാദരം വരവേറ്റു. തുടർന്ന്, തിരുവാതിരക്കളി, കുട്ടി മങ്ക കുട്ടി ശ്രീമാൻ മത്സരവും നടത്തുകയുണ്ടായി. തുമ്പപ്പുലരി 2026ൽ വിവിധ തരം ഓണക്കളികൾ, വടംവലി, എന്നിവയെക്കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം സാത്വിക ടീമിന്റെ ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. കണ്ണകിയുടെ കഥയുടെ നൃത്താവിഷ്കാരം വലിയ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രാജാ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ നല്കിയ ആവിഷ്കരണം പ്രേക്ഷക മനസ്സുകളിൽ ആനന്ദവും അത്ഭുതവും നിറച്ചു. കുട്ടികളുടെയും മുതിർന്നവരുടേയും പാട്ടും ഡാൻസുമൊക്കയായി തുമ്പപുലരി 2026 അതിഗംഭീരമായിരുന്നു. എക്സലൻസ് അവാർഡിന്റെ ഭാഗമായി സമാജത്തിലെ GCSE, A-level പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. LMHS സെക്രട്ടറി ഡോ നിതിൻ നന്ദി പ്രകാശനം നടത്തിയതോടെ തുമ്പപുലരി 2026- ന് തിരശ്ശീല വീണു.












Leave a Reply