ഉത്തർപ്രദേശിൽ ലഖ്‌നൗവിൽ പരീക്ഷ കഴിഞ്ഞ് കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ നടുറോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു.

സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാം ലഖൻ പട്ടേൽ മഹാവിദ്യാലയത്തിലെ ബിഎ വിദ്യാർഥിനി 21 കാരിയായ റോഷിണി എന്ന പെൺകുട്ടിയാണ് ആണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പതിനൊന്ന് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്ക് നേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. നാടൻ തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്.

തലയിൽ വെടിയേറ്റ വിദ്യാർഥിനി സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള തിരക്കേറിയ റോഡിലാണ് ആക്രമണം നടന്നത്.വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ ശേഷം അക്രമികൾ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. അക്രമികളെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ രാജ് അഹിർവാർ എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം അക്രമം നടത്തിയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

മുൻ എംപിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെ യോഗി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കോളേജ് യൂണിഫോമിൽ രക്തത്തിൽ കുളിച്ച്,കിടക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പെൺകുട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രണയ ബന്ധമുണ്ടോ എന്ന കാര്യവും മറ്റും പോലീസ് അന്വേഷിച്ചു വരികയാണ്.

ഇതിനായി പെൺകുട്ടിയുടെ കൂട്ടുകാരിൽ നിന്നും വിവരങ്ങൾ തിരക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പിതാവ് മാൻ സിംഗ് അഹിർവാർ പറയുന്നതനുസരിച്ച്,എന്റെ മൂത്ത മകളും ഈ കോളേജിൽ ബിഎ അവസാന വർഷമാണ് പഠിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ അവൾക്ക് അവധിയായിരുന്നു.അതുകൊണ്ടാണ് അവൾ കോളേജിൽ പോകാതിരുന്നത്.സാധാരണ രണ്ട് പെൺമക്കളും ഒരുമിച്ചാണ് കോളേജിൽ പോയിരുന്നത്. എന്റെ മകളുടെ ഘാതകനെ എത്രയും പെട്ടന്ന് കണ്ടുപിടിക്കണമെന്ന് യോഗി സർക്കാരിനോട് അപേക്ഷിക്കുന്നു എന്നും ഇദ്ദേഹം പറഞ്ഞു.