അടിമാലി ∙ കളിച്ചുചിരിച്ചിരുന്ന ഒരു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ ജീവനെടുത്തത് മാരക കീടനാശിനി. അടിമാലി ഇരുമ്പുപാലം ഒഴുവത്തടത്ത് താമസിച്ചിരുന്ന അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് കീടനാശിനി ഉള്ളിൽച്ചെന്ന് മരിച്ചത്. മൂത്ത സഹോദരൻ അഹിലിനൊപ്പം വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ നിലത്തുവീണുകിടന്ന കീടനാശിനി അറിയാതെ നാവിൽ തൊട്ടതായാണ് പ്രാഥമിക വിവരം. ഇഹാന്റെ ശരീരത്തിൽ അസ്വസ്ഥതയുടെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അടുക്കളയിലെ ബർത്തിൽനിന്ന് തറയിലേക്ക് വീണുകിടന്ന കീടനാശിനി കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

മാരക കീടനാശിനിയായ സെൽക്രോൺ ആണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. രണ്ടു മാസം മുൻപാണ് കുടുംബം വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്. മുൻപ് വീട്ടിൽ താമസിച്ചിരുന്നവർ വാങ്ങി സൂക്ഷിച്ച കീടനാശിനിയാകാം ഇതെന്നാണ് നിഗമനം. കാലപ്പഴക്കത്തിൽ ടിന്നിന്റെ തകിട് ദ്രവിച്ച് കീടനാശിനി പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഇത് കുട്ടികളുടെ ശ്രദ്ധയിൽപ്പെടുകയും അബദ്ധത്തിൽ വായിലെത്തുകയുമായിരുന്നു എന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക പൊലീസ് അന്വേഷണത്തിലെ നിഗമനം. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ നിർദേശപ്രകാരം അടിമാലി സിഐ സിദ്ദിഖ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രി തന്നെ വീട്ടിലെത്തി പരിശോധന നടത്തി. ഇന്നലെ ഇടുക്കി ഡിവൈഎസ്പി മോഹൻദാസിന്റെ നേതൃത്വത്തിലും പരിശോധന നടന്നു. ഇടുക്കിയിൽനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടെ അപ്രതീക്ഷിത വിയോഗത്തിൽ മാതാപിതാക്കളായ അഫ്സലിന്റെയും സാന്ദ്രയുടെയും കണ്ണീരിലാഴ്ന്ന ദൃശ്യങ്ങൾ നാടിനും നൊമ്പരമായി.