ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ ബ്രിട്ടനിൽ വീണ്ടും എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നാഷണൽ എയർ ട്രാഫിക് സർവീസസിന്റെ (NATS) സ്കോട് ലൻഡിലെ പ്രെസ്റ്റ്വിക് നിയന്ത്രണകേന്ദ്രത്തിലുണ്ടായ തകരാറിനെ തുടർന്ന് തിങ്കളാഴ്ച 200ലേറെ വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്നാണ് വ്യോമയാന മേഖലയിലെ വിലയിരുത്തൽ. സ്കോട് ലൻഡ്, വടക്കൻ അയർലൻഡ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ സർവീസുകളെയാണ് പ്രധാനമായും തകരാർ ബാധിച്ചത്.

രാവിലെ ഉണ്ടായ കണക്റ്റിവിറ്റി പ്രശ്നം 10.30ഓടെ പരിഹരിച്ചെങ്കിലും ബ്രിട്ടീഷ് എയർവേയ്സ്, ഈസിജെറ്റ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കാൻ നിർബന്ധിതരായി. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് NATS സംവിധാനത്തിലെ തകരാർ വിമാനയാത്രയെ ബാധിക്കുന്നത്. നേരത്തെയുണ്ടായ പ്രതിസന്ധിക്ക് പിന്നാലെ വീണ്ടും സാങ്കേതിക തകരാർ ഉണ്ടായതിൽ വിമാനക്കമ്പനികൾ ശക്തമായ നടപടി ആവശ്യപ്പെട്ടു. യാത്രക്കാർക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടിൽ NATS ക്ഷമാപണം നടത്തി.

തുടർച്ചയായ തകരാറുകളിൽ NATS-ന്റെ സംവിധാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് വിമാനക്കമ്പനികൾ രംഗത്തെത്തി. യാത്രക്കാരുടെ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കുണ്ടെങ്കിലും ഈ സാങ്കേതിക തകരാർ ‘അസാധാരണ സാഹചര്യം’ ആയി കണക്കാക്കാൻ സാധ്യതയുള്ളതിനാൽ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യത കുറവാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. NATS-ന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്താൻ ഗതാഗത സെക്രട്ടറി ഹെഡി അലക്സാണ്ടർ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.











Leave a Reply