ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം. ബ്രസൽസിൽ നടന്ന യുകെ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരം, കാർബൺ പുറന്തള്ളൽ നിയന്ത്രണം, യുവാക്കളുടെ തൊഴിൽ – യാത്രാ അവസരങ്ങൾ എന്നിവ ഉൾപ്പെടുന്ന സുപ്രധാന ധാരണയിലെത്തിയത്. കരാർ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവർഷം 17 ബില്യൺ പൗണ്ട് വരെ നേട്ടമുണ്ടാക്കുമെന്നാണ് ട്രഷറിയുടെ വിലയിരുത്തൽ. 2040-ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 0.5 ശതമാനം വരെ വർധനയുണ്ടാക്കാനും കരാറിന് കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ബ്രിട്ടനും യൂറോപ്പും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്ന ദിവസമാണിതെന്ന് ബേൺഹാം വിശേഷിപ്പിച്ചു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഉച്ചകോടിയിൽ പങ്കെടുത്തു.

പുതിയ കരാർ പ്രകാരം യൂറോപ്യൻ യൂണിയനിലേക്ക് ബ്രിട്ടനിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഭക്ഷ്യ-കാർഷിക ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഭൂരിഭാഗം പരിശോധനകളും സർട്ടിഫിക്കേഷൻ നടപടികളും ഒഴിവാക്കും. ഇതോടെ വ്യാപാരച്ചെലവ് കുറയുകയും ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കാൻ സഹായകമാകുകയും ചെയ്യും. ബ്രിട്ടന്റെയും യൂറോപ്യൻ യൂണിയന്റെയും കാർബൺ എമിഷൻ ട്രേഡിങ് സംവിധാനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ സ്റ്റീൽ, അലുമിനിയം ഉൾപ്പെടെയുള്ള 6.5 ബില്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് കയറ്റുമതിക്ക് യൂറോപ്യൻ കാർബൺ നികുതിയിൽ ഇളവ് ലഭിക്കും. 18 മുതൽ 31 വയസ്സുവരെയുള്ള യുവാക്കൾക്ക് പരസ്പര രാജ്യങ്ങളിൽ മൂന്നു വർഷം വരെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും അവസരമൊരുക്കുന്ന യൂത്ത് എക്സ്പീരിയൻസ് പദ്ധതിയും കരാറിലുണ്ട്. പ്രതിവർഷം ഒരു ലക്ഷം പേർക്ക് വീതം അവസരം ലഭിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് 2030 ജനുവരിയോടെ സാധ്യമാക്കാനാണ് ലക്ഷ്യം. ഭക്ഷ്യവ്യാപാര കരാർ 2028 മാർച്ച് മുതലും കാർബൺ വിപണി ബന്ധിപ്പിക്കുന്ന പദ്ധതി 2028 ജനുവരി മുതലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

ബ്രെക്സിറ്റിന് പത്തുവർഷം പിന്നിടുമ്പോൾ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃപരിശോധിക്കാനും കൂടുതൽ സഹകരണ സാധ്യതകൾ തേടാനുമാണ് ബേൺഹാമിന്റെ നീക്കം. യൂറോപ്യൻ യൂണിയനിൽ വീണ്ടും അംഗമാകാനുള്ള സാധ്യത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടുത്ത 12 മാസത്തിനുള്ളിൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ നിലവിലെ കരാർ യൂറോപ്യൻ ഏകവിപണിയിലേക്കോ കസ്റ്റംസ് യൂണിയനിലേക്കോ തിരിച്ചുപോകുന്നതോ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കുന്നതോ അല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, യൂറോപ്യൻ വിദ്യാർഥികൾക്ക് ബ്രിട്ടീഷ് സർവകലാശാലകളിൽ ആഭ്യന്തര വിദ്യാർഥികൾക്ക് തുല്യമായ ഫീസ് ഈടാക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യത്തിൽ ധാരണയായിട്ടില്ല. ആറുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാണ് ലക്ഷ്യം. കരാറിന്റെ നടപ്പാക്കലിനെ ബാധിച്ചേക്കാവുന്ന ഈ തർക്കം നിലനിൽക്കുന്നതിനിടെ, യുവാക്കളുടെ തൊഴിൽ അവസരങ്ങൾ കുറയുമെന്ന ആശങ്കയും ഊർജച്ചെലവ് വർധിക്കുമെന്ന വിമർശനവും പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടൻ–യൂറോപ്യൻ യൂണിയൻ ബന്ധത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായാണ് പുതിയ കരാർ വിലയിരുത്തപ്പെടുന്നത്.











Leave a Reply