ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ അനാവശ്യ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും കുറച്ച് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും എൻഎച്ച്എസിന്റെ പ്രവർത്തനക്ഷമത ഉയർത്തുകയും ചെയ്താൽ ഇംഗ്ലണ്ടിൽ പ്രതിവർഷം 18,500 മുതൽ 20,600 വരെ ചികിത്സയിലൂടെ ഒഴിവാക്കാനാകുന്ന മരണങ്ങൾ തടയാനാകുമെന്ന് ഹെൽത്ത് ഫൗണ്ടേഷന്റെ റിപ്പോർട്ട്. നിലവിലുള്ള ഫണ്ടിങ് ഉപയോഗിച്ചുതന്നെ ആരോഗ്യഫലങ്ങൾ മെച്ചപ്പെടുത്താൻ വലിയ സാധ്യതയുണ്ടെന്നും ശരാശരി 2.5 മുതൽ 4.5 വർഷം വരെ അധികമായി ആരോഗ്യകരമായ ജീവിതം ലഭ്യമാക്കാനാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാൻസർ നേരത്തെ കണ്ടെത്തുന്നതും ഉയർന്ന രക്തസമ്മർദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ നേരത്തേ തിരിച്ചറിയുന്നതും മരണങ്ങൾ കുറയ്ക്കുന്നതിൽ നിർണായകമാകും. അനാവശ്യ റിപ്പോർട്ടിങ്, നിയന്ത്രണങ്ങൾ, കംപ്ലയൻസ് നടപടികൾ എന്നിവ കുറയ്ക്കുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ഉൽപാദനക്ഷമത വർധിപ്പിക്കുന്ന സാങ്കേതികവിദ്യകൾ പരീക്ഷിച്ച് വ്യാപകമായി നടപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. നിരന്തരമായ നയമാറ്റങ്ങൾ, അമിതമായ ലക്ഷ്യങ്ങൾ, ആരോഗ്യഫലങ്ങളിൽ വേണ്ടത്ര ശ്രദ്ധയില്ലായ്മ എന്നിവയാണ് എൻഎച്ച്എസിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെന്നും കണ്ടെത്തൽ.

മോശം ഐ.ടി. സംവിധാനങ്ങൾ ചികിത്സാ ജീവനക്കാരുടെ സമയം നഷ്ടപ്പെടുത്തുന്നതായും പരിമിതമായ കെട്ടിട സൗകര്യങ്ങളും ഉപകരണങ്ങളും ആരോഗ്യസേവനത്തെ ബാധിക്കുന്നതായും ഗവേഷകർ കണ്ടെത്തി. എൻഎച്ച്എസിന് മികച്ച ആശയങ്ങളുടെയും കഴിവുള്ള ജീവനക്കാരുടെയും കുറവല്ല പ്രശ്നമെന്നും ദീർഘകാല ഉൽപാദനക്ഷമതാ വളർച്ച സാധ്യമാക്കുന്ന രീതിയിൽ സംവിധാനത്തെ പുനഃക്രമീകരിക്കുകയാണ് വേണ്ടതെന്നും ഹെൽത്ത് ഫൗണ്ടേഷൻ വ്യക്തമാക്കി. കൂടുതൽ മൂലധന നിക്ഷേപവും പ്രാദേശികതലത്തിൽ കൂടുതൽ സ്വാതന്ത്ര്യവും നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ലളിതമായ നിയന്ത്രണ സംവിധാനവും വേണമെന്ന ആവശ്യവും ശക്തമാണ്.