ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് സസെക്സ്: ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ 50കാരനായ അയൽവാസിക്ക് സമയോചിതമായി സിപിആർ നൽകി ജീവൻ രക്ഷിച്ച് മലയാളി നേഴ്സ് ലിജി ജോസഫ്. വെസ്റ്റ് സസെക്സിലെ വർത്തിങിന് സമീപം ലാൻസിങ്ങിലാണ് സംഭവം. തൊട്ടടുത്ത ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നീൽ ക്രോസ് വുഡ് കുഴഞ്ഞു വീണതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ലിജി, ആംബുലൻസ് ജീവനക്കാരുടെ നിർദേശപ്രകാരം ഉടൻ സിപിആർ ആരംഭിച്ചതോടെയാണ് നീലിന്റെ ജീവൻ രക്ഷിക്കാനായത്.

വർത്തിങ് ഹോസ്പിറ്റലിലെ ബോട്ടോൾഫ്സ് സ്ട്രോക്ക് വാർഡിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന ലിജിക്ക് അടിയന്തിര സാഹചര്യങ്ങളിൽ സിപിആർ നൽകുന്നതിൽ പ്രത്യേക പരിശീലനമുണ്ട്. നേരത്തെയും കെയർ ഹോമിൽ ജോലി ചെയ്യുന്നതിനിടെ സമാനമായൊരു സംഭവം ലിജിക്ക് നേരിടേണ്ടിവന്നിരുന്നു. അന്ന് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ വയോധികന് സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഇത്തവണ ഒരാളുടെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ലിജി.
ഏകദേശം നാല് മാസം മുമ്പാണ് ലിജിയും കുടുംബവും ലാൻസിങ്ങിലേക്ക് താമസം മാറിയത്. നാല് വർഷം മുമ്പ് ജോലിക്കായി യു.കെയിലെത്തിയ ലിജി ഖത്തറിലും മുംബൈയിലെ റിലയൻസ് ഹോസ്പിറ്റലിലും നേഴ്സായി ജോലി ചെയ്തിട്ടുണ്ട്. എറണാകുളം നെടുമ്പാശ്ശേരി തുരുത്തിശ്ശേരി സ്വദേശിയായ ലിജി, ഭർത്താവ് ജയ്സൺ മണവാളനും മക്കളായ കെയ്റിൻ, കൈഡൻ, കെയ്ലിൻ എന്നിവർക്കുമൊപ്പമാണ് താമസം. ജയ്സൺ ഷോർഹാം-ബൈ-സീയിലെ കിങ്സ് ലാൻഡ് ഹൗസ് കെയർ ഹോമിൽ ജോലി ചെയ്യുന്നു. നേഴ്സിങ് ജോലിക്കൊപ്പം കലാരംഗത്തും സജീവമായ ലിജി അറിയപ്പെടുന്ന നർത്തകിയുമാണ്.











Leave a Reply