പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി കുന്നത്തുപറമ്പിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ തോക്കുചൂണ്ടി നടത്തിയ കവർച്ചയിൽ നഷ്ടമായത് 43 പവൻ സ്വർണം. വിപണിയിൽ ഏകദേശം 41 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് നാലംഗ സംഘം കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.37ഓടെയായിരുന്നു സംഭവം. ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ മൂന്നുപേർ കടയ്ക്കുള്ളിൽ കയറിയപ്പോൾ നാലാമൻ രക്ഷപ്പെടാനായി കാർ തയ്യാറാക്കി പുറത്തു കാത്തുനിന്നു. വെറും രണ്ടു മിനിറ്റിനുള്ളിൽ കവർച്ച നടത്തി സംഘം രക്ഷപ്പെടുകയായിരുന്നു. കടയുടമ കെ.വി. സനാദ് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയ സമയമാണ് മോഷ്ടാക്കൾ തിരഞ്ഞെടുത്തത്.
ഒരു പവന്റെ മാല കാണണമെന്ന് ആവശ്യപ്പെട്ട് കടയിലെത്തിയ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ ജീവനക്കാരി ഉടമയെ വിളിക്കാൻ പോയതോടെയാണ് കവർച്ച തുടങ്ങിയത്. തോക്കും കത്തിയും കാട്ടി ജീവനക്കാരെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തിയ സംഘം സ്വർണം കൈക്കലാക്കി. ബഹളം കേട്ടെത്തിയ കടയുടമയുടെ ഭാര്യ ശ്രീവിദ്യയും ജീവനക്കാരി ബിബിതയും സ്റ്റൂളും കസേരയും ഉപയോഗിച്ച് മോഷ്ടാക്കളെ നേരിടാൻ ശ്രമിച്ചു. ഇതിനിടെ ഒരാൾ ഭയപ്പെടുത്താനായി മുകളിലേക്ക് വെടിയുതിർത്തു. പിടിവലിക്കിടെ ഒരു മോഷ്ടാവിന്റെ കൈയ്ക്ക് പരിക്കേൽക്കുകയും രക്തത്തുള്ളികൾ കടയ്ക്കുള്ളിൽ വീഴുകയും ചെയ്തു. സ്വർണവുമായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അയൽവാസികൾ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാറിന്റെ ചില്ലിലേക്ക് ഇഷ്ടികക്കഷണം എറിഞ്ഞതിനെത്തുടർന്ന് ചില്ല് തകരുകയും ചെയ്തു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറിലാണ് സംഘം പൊള്ളാച്ചി ഭാഗത്തേക്ക് കടന്നത്. കവർച്ചയ്ക്ക് പിന്നിൽ നേരത്തെ ആസൂത്രണം നടത്തിയ സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കടയും പരിസരവും മുൻകൂട്ടി നിരീക്ഷിച്ചിട്ടുണ്ടാകാമെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഷൊർണൂർ ഡിവൈ.എസ്.പി കെ.സി. വിനുവിന്റെ നേതൃത്വത്തിൽ 31 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മോഷ്ടാക്കൾ ഉപയോഗിച്ച വാഹനവും പ്രതികളെ തിരിച്ചറിയാനുള്ള മറ്റ് തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.











Leave a Reply