ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ RAF ഫെയർഫോർഡിന് സമീപം ഭീകരവാദ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ സംഭവത്തെക്കുറിച്ച് പൊലീസിനെ വിളിച്ചതായി റിപ്പോർട്ട്. ലണ്ടൻ സ്വദേശിയായ 20 വയസ്സുകാരനാണ് പൊലീസിനെ വിളിച്ചതെന്നാണ് വിവരം. സൈനിക താവളത്തിന് സമീപം മൂന്ന് വാനുകളുമായി അഞ്ച് പേർ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മറ്റൊരാളും അടിയന്തിര സേവന നമ്പറായ 999ൽ വിളിച്ചിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിൽ വാനുകളിൽ നിരവധി ബാരലുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിൽ പെട്രോളും മറ്റുള്ളവയിൽ ഒഴിഞ്ഞ നിലയിലുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചുപേരെയും ആദ്യം സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഭീകരപ്രവർത്തനത്തിന് തയ്യാറെടുക്കുന്നു എന്ന സംശയത്തിൽ വീണ്ടും അറസ്റ്റ് ചെയ്തു. എന്നാൽ വാനുകളിലും ലണ്ടനിലെ ഇവരുമായി ബന്ധപ്പെട്ട വിലാസങ്ങളിലും നടത്തിയ വിശദമായ പരിശോധനയിൽ ഉപയോഗിക്കാവുന്ന സ്ഫോടക ഉപകരണം കണ്ടെത്താനായില്ലെന്ന് കൗണ്ടർ ടെററിസം പൊലീസ് മേധാവി ലോറൻസ് ടെയ്‌ലർ അറിയിച്ചു. ഇതിനെ തുടർന്ന് അഞ്ച് പേരെയും പൊലീസ് ജാമ്യത്തിൽ വിട്ടെങ്കിലും കർശന വ്യവസ്ഥകളോടെ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഇറാനുമായി ബന്ധമുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഗ്ലോസ്റ്റർഷെയറിലെ വെൽഫോർഡ് ഗ്രാമത്തിൽ രാത്രിയിൽ നടന്ന സംഭവത്തെ തുടർന്ന് 85 കുടുംബങ്ങളെയാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽനിന്ന് ഒഴിപ്പിച്ചത്. ബോംബ് സ്ക്വാഡും കൗണ്ടർ ടെററിസം പൊലീസും സ്ഥലത്ത് പരിശോധന നടത്തിയതോടെ നിരവധി താമസക്കാർക്ക് ദിവസങ്ങളോളം വീടുകളിലേക്ക് മടങ്ങാനായില്ല. അതേസമയം, ഇറാന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ഇറാൻ എംബസി ശക്തമായി നിഷേധിച്ചു. RAF ഫെയർഫോർഡ് താവളം ഇറാനെതിരായ ചില പ്രതിരോധ നടപടികൾക്കായി അമേരിക്കയ്ക്ക് ഉപയോഗിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയിട്ടുള്ള സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്.