യുകെയിലെ മലയാളി സമൂഹത്തിനിടയിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് സാമൂഹികവും ജീവകാരുണ്യപരവുമായ മാനം നൽകുന്നതിനുമായി സമീക്ഷ യുകെ മൂന്ന് ദേശീയതല പരിപാടികൾ സംഘടിപ്പിക്കുന്നു.
ദേശീയ പ്രസിഡന്റ് ബൈജു നാരായണന്റെ അധ്യക്ഷതയിൽ നവംബർ 25ന് ചേർന്ന ദേശീയ കമ്മിറ്റി യോഗത്തിലാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ശക്തിപ്പെടുത്തുന്നതിനും ക്രിസ്തുമസ് കേക്ക് ചലഞ്ചും ദേശീയ ക്രിസ്മസ് ട്രീ അലങ്കാര മത്സരവും സംഘടിപ്പിക്കുന്നതിനും തീരുമാനമായത്.

സംഘടനയ്ക്ക് കരുത്തേകാൻ മെമ്പർഷിപ്പ് ക്യാമ്പയിൻ
യുകെയിലുടനീളം സമീക്ഷ യുകെയുടെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മെമ്പർഷിപ്പ് ക്യാമ്പയിൻ ശക്തിപ്പെടുത്തും. കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർത്ഥികളെയും സംഘടനയുടെ ഭാഗമാക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകും.
വിവിധ ഏരിയാ കമ്മിറ്റികളുടെയും യൂണിറ്റുകളുടെയും നേതൃത്വത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ ഡിസംബർ 31ഓടെ പൂർത്തീകരിക്കും.
സ്നേഹത്തിന്റെ മധുരം പങ്കിടാൻ ക്രിസ്തുമസ് കേക്ക് ചലഞ്ച്
സ്നേഹത്തിന്റെ മധുരം പങ്കിടാം; കാരുണ്യത്തിന്റെ കൈത്താങ്ങാകാം എന്ന സന്ദേശവുമായി സമീക്ഷ UK ഈ വർഷവും ക്രിസ്തുമസ് കേക്ക് ചലഞ്ച് സംഘടിപ്പിക്കുന്നു.
ക്രിസ്മസിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
Viswas ബ്രാൻഡിന്റെ പ്ലം കേക്ക്, ഡേറ്റ്സ് ആൻഡ് കാഷ്യൂ കേക്ക്, ജാക്ക്ഫ്രൂട്ട് കേക്ക് എന്നീ മൂന്ന് ഇനങ്ങളാണ് ഈ വർഷത്തെ കേക്ക് ചലഞ്ചിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
നവംബർ 30 മുതൽ സമീക്ഷ യുകെയുടെ വിവിധ യൂണിറ്റുകൾ മുഖേന കേക്കുകൾക്ക് ഓർഡർ നൽകാവുന്നതാണ്. ഡിസംബർ 5നകം കേക്കുകളുടെ വിതരണം പൂർത്തീകരിക്കും.
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറമേകാൻ ദേശീയ ക്രിസ്തുമസ് ട്രീ അലങ്കാര മത്സരം.
കുടുംബങ്ങളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ക്രിസ്മസ് ആഘോഷങ്ങളിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സമീക്ഷ യുകെ ദേശീയതലത്തിൽ ക്രിസ്മസ് ട്രീ അലങ്കാര മത്സരം സംഘടിപ്പിക്കുന്നു.
യുകെയിൽ താമസിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. സമീക്ഷ UK അംഗത്വം നിർബന്ധമല്ല. അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ ഫോട്ടോ ഓൺലൈനായി സമർപ്പിച്ചുകൊണ്ടാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
മത്സരത്തിൽ പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല.

വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകൾ നൽകും.
ഒന്നാം സമ്മാനം – £201
രണ്ടാം സമ്മാനം – £101
മൂന്നാം സമ്മാനം – £51
ഡിസംബർ 20 വരെ മത്സരത്തിലേക്ക് എൻട്രികൾ സമർപ്പിക്കാം. ക്രിസ്മസ് തലേന്നായ ഡിസംബർ 24ന് വിജയികളെ പ്രഖ്യാപിക്കും.
മത്സരത്തിന്റെ വിശദമായ നിയമാവലിയും രജിസ്ട്രേഷൻ ലിങ്കും സമീക്ഷ UKയുടെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങൾ മുഖേന പ്രസിദ്ധീകരിക്കും.
സ്നേഹവും സൗഹൃദവും സഹകരണവും കാരുണ്യവും ഉയർത്തിപ്പിടിക്കുന്ന ഈ പരിപാടികളിൽ യുകെയിലെ മുഴുവൻ മലയാളി സമൂഹത്തിന്റെയും സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് സമീക്ഷ യുകെ ദേശീയ പ്രസിഡന്റ് ബൈജു നാരായണനും ദേശീയ സെക്രട്ടറി അഡ്വ. ദിലീപ് കുമാറും അഭ്യർത്ഥിച്ചു.











Leave a Reply