ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രമുഖ ബേക്കറി ശൃംഖലയായ ഗ്രെഗ്സ് യുകെയിലെ നാല് ഫാക്ടറികൾ അടച്ചുപൂട്ടാനുള്ള പദ്ധതിയുമായി മുന്നോട്ട്. എൻഫീൽഡ്, പെൻറിത്ത്, കെൽസോ, സീഹാം എന്നിവിടങ്ങളിലെ ഫാക്ടറികൾ അടച്ചുപൂട്ടുന്നതോടെ അടുത്ത രണ്ടര വർഷത്തിനിടെ 740 വരെ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് ജീവനക്കാരുമായും ട്രേഡ് യൂണിയനുകളുമായും കമ്പനി ഉടൻ ചർച്ചകൾ ആരംഭിക്കും. അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട പിരിച്ചുവിടൽ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും ഉൾപ്പെടെ ആദ്യഘട്ടത്തിൽ ഏകദേശം 6 കോടി പൗണ്ട് ചെലവാകുമെന്നാണ് ഗ്രെഗ്സിന്റെ കണക്ക്.

അതേസമയം, ചെലവ് കുറയ്ക്കുന്നതിനും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. 2028ഓടെ പ്രതിവർഷം 2 കോടി പൗണ്ടിന്റെ ലാഭം നേടാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. വെയിൽസിലെ ട്രെഫോറസ്റ്റ് സൈറ്റിലെ നിർമ്മാണ പ്രവർത്തനങ്ങളെയും നിർദേശങ്ങൾ ബാധിച്ചേക്കാം. എന്നാൽ ഇവിടെ വിതരണകേന്ദ്രത്തിന്റെ പ്രവർത്തനം തുടരും. എൻഫീൽഡിലെ വിതരണ പ്രവർത്തനങ്ങളും തുടരാനാണ് തീരുമാനം. ജീവനക്കാരെ ബാധിക്കുന്ന ആഘാതം പരമാവധി കുറയ്ക്കുന്നതിനാണ് അടിയന്തിര പരിഗണനയെന്നും ഗ്രെഗ്സ് അറിയിച്ചു.

ഫാക്ടറി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചെങ്കിലും കമ്പനിയുടെ വിൽപ്പനയിൽ വളർച്ച തുടരുകയാണ്. ഏറ്റവും പുതിയ പാദത്തിൽ വിൽപ്പന 7.7 ശതമാനം ഉയർന്നു. ഈ വർഷം ഇതുവരെ 57 പുതിയ ഷോപ്പുകൾ തുറന്ന ഗ്രെഗ്സ്, 2026 അവസാനത്തോടെ 100 മുതൽ 110 വരെ പുതിയ ഔട്ട്ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നത്. ഐസ്ഡ് മാച്ച ലാറ്റെ, കൂടുതൽ സലാഡുകൾ, ചിക്കൻ റോൾ തുടങ്ങിയ ഉൽപ്പന്നങ്ങളും വേനൽക്കാല വിൽപ്പന ഉയരാൻ സഹായിച്ചതായി കമ്പനി പറഞ്ഞു. എന്നാൽ 2027ൽ പണപ്പെരുപ്പ സമ്മർദം വർധിക്കാനുള്ള സൂചനകളുണ്ടെന്നും ഗ്രെഗ്സ് മുന്നറിയിപ്പ് നൽകി. 33,000ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ ഓഹരി വില ബുധനാഴ്ച രാവിലെ 7.3 ശതമാനം ഉയരുകയും ചെയ്തു.











Leave a Reply