ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലാസ്ഗോ : ഗ്ലാസ്‌ഗോ ഹീലിങ്ങ്ടൺ പെന്‍ലിയിൽ മലയാളിയുടെ വീട്ടിൽ വൻ മോഷണം. ചങ്ങനാശേരി സ്വദേശിയായ റോബേര്‍ട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. കവർച്ചയിൽ എഴുപത് പവൻ സ്വർണം നഷ്ടമായെന്നാണ് വിവരം. ആളുകളില്ലാത്ത സമയത്ത് വീട്ടിൽ കയറിയ മോഷ്ടാക്കൾ പതിനഞ്ചു മിനിറ്റുകൊണ്ട് കവർച്ച പൂർത്തിയാക്കി. ടോയ് ലെറ്റില്‍ ഫ്ലഷ് ടാങ്കിലും സോഫയുടെ കുഷ്യന്‍ തുറന്നുമൊക്കെ മോഷ്ടാക്കൾ സ്വർണം തിരഞ്ഞു. തിരച്ചിലിൽ വീട് പൂർണമായും നശിച്ച നിലയിലാണ്.

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ ധാരാളം സ്വർണവും പണവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഷ്ടാക്കൾ ഇവരെ നോട്ടമിടുന്നത്. മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണത്തെപ്പറ്റി മുൻപും മലയാളംയുകെ റിപ്പോർട്ട്‌ ചെയ്തിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ നടന്ന പാലുകാച്ചൽ ചടങ്ങിൽ പങ്കെടുക്കാന്‍ റോബര്‍ട്ടും കുടുംബവും പോയ സമയത്തായിരുന്നു മോഷണം. ആളുകൾ വീട് വീട്ടിറങ്ങാൻ മോഷ്ടാക്കൾ കാത്തിരിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

ഗേറ്റ് ചാടിക്കടന്നു പിൻ വശത്തെ അടുക്കള ജനൽ തകർത്താണ് അവർ വീടിനുള്ളിൽ കയറിയത്. കുട്ടികളുടെ പണശേഖരം വരെ മോഷ്ടാക്കൾ കൈക്കലാക്കി. വൈകുന്നേരം ആറു മണിക്ക് ശേഷമാണ് കവർച്ച നടന്നത്. സംഘം മൂന്നാഴ്ചയായി പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. സ്വര്‍ണം കൂടാതെ ലാപ് ടോപ്, ഫോണ്‍, കംപ്യുട്ടര്‍ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്താണ് സംഘം മടങ്ങിയത്.

ഒരാഴ്ച മുൻപായിരുന്നു നാടിനെ നടുക്കിയ മോഷണം. ഗ്ലാസ്ഗോ പ്രാദേശിക മാധ്യമങ്ങൾ ഈ സംഭവം വലിയ വാർത്തയാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ നിന്നും മുക്തരായ ജനങ്ങൾ വീട് വീട്ടിറങ്ങാൻ തുടങ്ങിയതോടെ മോഷണങ്ങളും വർധിച്ചു. പ്രത്യേകിച്ച് മലയാളികളുടെ വീടുകളിൽ മോഷണം കൂടുകയാണ്. സ്വർണവും പണവും കൈക്കലാക്കാൻ പുതിയ മാർഗങ്ങൾ തേടുന്ന മോഷ്ടാക്കളുടെ എണ്ണവും കുറവല്ല.