വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ ആശ്രിതർക്ക് 1.77 കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 1,41,09,840 രൂപയാണ് ട്രൈബ്യൂണൽ നഷ്ടപരിഹാരമായി വിധിച്ചത്. കേസ് ഫയൽ ചെയ്ത ദിവസം മുതൽ തുക കോടതിയിൽ കെട്ടിവയ്ക്കുന്നതുവരെ 8.5 ശതമാനം പലിശ കൂടി കണക്കാക്കുമ്പോഴാണ് ആകെ തുക ഏകദേശം 1.77 കോടി രൂപയാകുന്നത്. കോട്ടയം എംഎസിടി ജഡ്ജി പ്രസൂൺ മോഹനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി 30 ദിവസത്തിനകം നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സുധിയുടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും അമ്മയ്ക്കുമാണ് നഷ്ടപരിഹാരത്തുക ലഭിക്കുക. ഏറെക്കാലമായി നടന്നുവരുന്ന നിയമനടപടികൾക്കും പരിശോധനകൾക്കും ശേഷമാണ് ട്രൈബ്യൂണലിന്റെ വിധി. വാഹനാപകട നഷ്ടപരിഹാര കേസുകളിൽ ആശ്രിതർക്ക് ലഭിക്കുന്ന ഉയർന്ന തുകകളിലൊന്നാണിതെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞു. വിനോദരംഗത്ത് സജീവമായിരിക്കെ ഉണ്ടായ സുധിയുടെ അപ്രതീക്ഷിത വിയോഗവും കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പരിഗണിച്ചാണ് ഉയർന്ന നഷ്ടപരിഹാരം അനുവദിച്ചതെന്നും അഭിഭാഷകർ വ്യക്തമാക്കി. ഉത്തരവിലെ വിശദമായ വിവരങ്ങൾ പിന്നീട് പുറത്തുവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2023 ജൂൺ 5ന് പുലർച്ചെയായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സുധിക്കൊപ്പം ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരുക്കേറ്റിരുന്നു. ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ സുധി പിന്നീട് സിനിമയിലും സജീവമായി. ‘കാന്താരി’യിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘കുട്ടനാടൻ മാർപാപ്പ’, ‘തീറ്റ റപ്പായി’, ‘വകതിരിവ്’, ‘ആൻ ഇന്റർനാഷനൽ ലോക്കൽ സ്റ്റോറി’, ‘കേശു ഈ വീടിന്റെ നാഥൻ’, ‘എസ്‌കേപ്പ്’, ‘സ്വർഗത്തിലെ കട്ടുറുമ്പ്’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.