റോമി കുര്യാക്കോസ്

ബോൾട്ടൻ: മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തിയിൽ സേവനത്തിന്റെയും സഹജീവികളോടുള്ള കരുതലിന്റെയും സന്ദേശമുയർത്തി ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) സംഘടിപ്പിച്ച മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിന് സമാപനം. ക്യാമ്പയിനിലൂടെ സമാഹരിച്ച ഏകദേശം £500 മൂല്യമുള്ള ഭക്ഷണപ്പാക്കറ്റുകൾ ബോൾട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോംലസ് എയ്ഡ് യു കെയുടെ ഫുഡ് ബാങ്കിന് കൈമാറി.

ബോൾട്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ഫുഡ് ഡൊണേഷൻ ക്യാമ്പയിൻ കോർഡിനേറ്റർമാരായ ഫിലിപ്പ് കൊച്ചിട്ടി, റോമി കുര്യാക്കോസ്, ബി എം എ പ്രസിഡന്റ് അനിയൻകുഞ്ഞ് സഖറിയ, കമ്മിറ്റി അംഗം ജയ്സൺ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് സ്ഥാപനത്തിലെത്തി ഭക്ഷണപ്പാക്കറ്റുകൾ കൈമാറിയത്. ഹോംലസ് എയ്ഡ് യു കെയുടെ കോ-ഫൗണ്ടർ ബില്ല അഹമ്മദിന്റെയും മറ്റ് വോളന്റിയർമാരുടെയും സാന്നിധ്യത്തിലായിരുന്നു കൈമാറ്റച്ചടങ്ങ്. ഭക്ഷണപ്പാക്കറ്റുകൾ ഏറ്റുവാങ്ങിയ ചടങ്ങിൽ അദ്ദേഹം ബി എം എ അംഗങ്ങൾക്കും കുടുംബങ്ങൾക്കും നന്ദി അറിയിച്ചു.

യു കെയിലെ വിവിധ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഫുഡ് ബാങ്കുകൾ, സൂപ്പ് സെന്ററുകൾ തുടങ്ങിയ സേവനങ്ങളിലൂടെ ഓരോ ആഴ്ചയും ശരാശരി 500 ഓളം ഭവനരഹിതർക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും ഭക്ഷണം ലഭ്യമാക്കുന്ന സ്ഥാപനമാണ് ഹോംലസ് എയ്ഡ് യു കെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത കുറച്ച് കാലങ്ങളായി ശേഖരിക്കപ്പെടുന്ന ഭക്ഷണപ്പാക്കറ്റുകളുടെ ലഭ്യത കുറയുകയും ആവശ്യകത അനുദിനം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് പ്രാദേശിക ദിനപത്രത്തിൽ വന്ന വാർത്തയെ തുടർന്നാണ് ബോൾട്ടനിലെ പ്രമുഖ ചാരിറ്റി പ്രവർത്തകനും ബി എം എയുടെ സ്ഥാപക പ്രസിഡന്റുമായ ഫിലിപ്പ് കൊച്ചിട്ടി ഹോംലസ് എയ്ഡ് യു കെയുമായി ബന്ധപ്പെടുന്നത്. തുടർന്ന് ബി എം എയുടെ നേതൃത്വത്തിൽ അംഗങ്ങളുടെയും കുടുംബങ്ങളുടെയും പൂർണ്ണ സഹകരണത്തോടെ മൂന്നാഴ്ച നീണ്ട ഭക്ഷണശേഖരണ ക്യാമ്പയിൻ സംഘടിപ്പിക്കുകയായിരുന്നു.

സേവനവും സഹജീവികളോടുള്ള കരുതലും ജീവിതദർശനമാക്കിയ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ തന്നെ ഭക്ഷണപ്പാക്കറ്റുകൾ കൈമാറാൻ തീരുമാനിച്ചതോടെ ബി എം എയുടെ പ്രവർത്തനത്തിന് കൂടുതൽ അർത്ഥവത്തായ പ്രസക്തി ലഭിച്ചു. ഗാന്ധിജിയുടെ ‘സേവനം’ എന്ന ആശയത്തെ പ്രവൃത്തിയിലൂടെ സാക്ഷാത്കരിച്ച സാമൂഹിക ഇടപെടലായി ക്യാമ്പയിൻ മാറി.

രണ്ട് പതിറ്റാണ്ടിലേറെയായി ബോൾട്ടനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന, യു കെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിലൊന്നായ ബി എം എ, സമൂഹത്തിന്റെ ആവശ്യങ്ങളോട് ചേർന്നുനിൽക്കുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ തുടർന്നും ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫുഡ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായി ഭക്ഷണസാധനങ്ങൾ സംഭാവന ചെയ്ത എല്ലാ അംഗങ്ങൾക്കും ക്യാമ്പയിന് പിന്തുണ നൽകിയ കുടുംബങ്ങൾക്കും ബി എം എ ഭാരവാഹികൾ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.