കീവ്∙ യുക്രെയ്നിലെ ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള ഫാർമസ്യൂട്ടിക്കൽ പ്ലാന്റിനു നേരെ റഷ്യൻ ഡ്രോൺ ആക്രമണം. സുമിയിലെ കുസും ഗ്രൂപ്പിന്റെ മരുന്നുനിർമാണശാലയ്ക്കുനേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ശക്തമായ ആക്രമണത്തിൽ പ്ലാന്റ് പൂർണ്ണമായും തകർന്നതായാണ് വിവരം. നാശനഷ്ടം 400 കോടി രൂപയിലേറെയാണെന്നാണ് പ്രാഥമിക കണക്ക്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് യുക്രെയ്ൻ അധികൃതർ അറിയിച്ചു.
ഇന്ത്യയിൽനിന്ന് യുക്രെയ്നിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യുന്ന പ്രമുഖ കമ്പനിയാണ് കുസും ഗ്രൂപ്പ്. 1994ൽ ആരംഭിച്ച കമ്പനിയുടെ നിലവിലെ ഉടമ ഇന്ത്യക്കാരനായ രാജീവ് ഗുപ്തയാണ്. 2002ൽ മറ്റു കമ്പനികളുടെ മരുന്നുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിച്ച് കുസും ഗ്രൂപ്പ് സ്വന്തമായി മരുന്ന് നിർമാണത്തിലേക്ക് കടന്നു. തുടർന്ന് 2007ൽ ഇന്ത്യയിലും 2009ൽ യുക്രെയ്നിലും നിർമാണ പ്ലാന്റുകൾ ആരംഭിച്ചു. പിന്നീട് ഇന്ത്യയിൽ രണ്ട് പ്ലാന്റുകൾ കൂടി കമ്പനി സ്ഥാപിച്ചു.
നിലവിൽ 50ലേറെ ജനറിക് മരുന്നുകൾ നിർമ്മിക്കുന്ന കുസും ഗ്രൂപ്പ് ഒൻപതു രാജ്യങ്ങളിലേക്ക് മരുന്നുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. യുക്രെയ്നിലെ നിർണായക മരുന്നുനിർമാണ കേന്ദ്രങ്ങളിലൊന്നായ സുമിയിലെ പ്ലാന്റ് തകർന്നത് കമ്പനിയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടരുന്നതിനിടെയാണ് ഇന്ത്യൻ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായിരിക്കുന്നത്.











Leave a Reply