എടത്വാ∙ ആലപ്പുഴ എടത്വാ ജങ്ഷനിലെ ചന്തയ്ക്കു സമീപം ഞായറാഴ്ച രാത്രി വൻ തീപിടിത്തം. മൂന്ന് കടകൾ കത്തിനശിച്ചു. കരിക്കംപള്ളിൽ പലചരക്കുകടയും തട്ടുപുരയ്ക്കൽ എം.വി. സ്റ്റോഴ്സും പൂർണമായും കത്തിനശിച്ചപ്പോൾ മുടന്താഞ്ചലിൽ ഗ്ലാസ് ഹൗസിന് ഭാഗികമായി തീപിടിച്ചു. സമീപത്തെ ഇൻസ്‌റ്റൈൽ ബ്യൂട്ടി പാർലറിലേക്കും അമല ഫ്രൂട്ട്‌സ് ആൻഡ് സ്റ്റോഴ്സിലേക്കും തീ പടർന്നു.

രാത്രി 8.45ഓടെയാണ് തീപിടിത്തമുണ്ടായത്. തകഴി, തിരുവല്ല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്ന് അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. കടകളുടെ വാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ ഓടുമേഞ്ഞ മേൽക്കൂര തകർത്താണ് അകത്തേക്ക് വെള്ളം പമ്പ് ചെയ്തത്. ഇതിനിടെ വൈദ്യുതി ബന്ധം നിലച്ചതോടെ ടോർച്ച് ലൈറ്റിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടയ്ക്കുള്ളിലെ സാധനങ്ങൾ പൊട്ടിത്തെറിച്ച് ചിതറിക്കിടന്നത് ഫയർഫോഴ്സ് സംഘത്തിന് രക്ഷാപ്രവർത്തനത്തിൽ വെല്ലുവിളിയായി. തീ സമീപത്തെ ചന്തയിലേക്ക് പടർന്നിരുന്നെങ്കിൽ 25ഓളം കടകൾ കത്തിനശിക്കുമായിരുന്നുവെന്നാണ് വിലയിരുത്തൽ. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ പ്രാഥമിക കാരണമെന്നാണ് നിഗമനം.