ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ∙ വടക്കൻ ഫ്രാൻസിൽനിന്ന് ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്താൻ ശ്രമിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടാകാമെന്ന് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു . മനുഷ്യക്കടത്തുകാരുടെ നിയന്ത്രണത്തിലാണ് ഫ്രാൻസിന്റെ വടക്കൻ തീരത്ത് എത്തുന്ന അഭയാർഥികളുടെ യാത്രയും ആളുകളെ ബോട്ടുകളിൽ കയറ്റുന്നതുമെന്നു ചൂണ്ടിക്കാട്ടിയ മഹ്മൂദ്, സ്ത്രീകൾ മാത്രമല്ല ചില പുരുഷന്മാരും യാത്രയ്ക്കിടെ പീഡനത്തിനും ഭീഷണിക്കും ഇരയാകുന്നുണ്ടെന്നും പറഞ്ഞു. മനുഷ്യക്കടത്തുകാർ നിർണയിക്കുന്ന രീതിയിൽ അല്ല അഭയം തേടുന്നവർ യുകെയിലെത്തേണ്ടതെന്ന് അവർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ലേബർ പാർട്ടി സമ്മേളനത്തിനിടെ പാലസ്തീൻ ആക്ഷനെ പിന്തുണച്ചെന്നാരോപിച്ച് 82 പേരെ അറസ്റ്റ് ചെയ്ത നടപടിയിൽ തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് മഹ്മൂദ് പറഞ്ഞു. പാലസ്തീൻ അനുകൂല നിലപാടുകളുള്ള ആളുകൾക്കെതിരെ ഭീകരവാദ നിയമത്തിലെ വ്യവസ്ഥകൾ പ്രയോഗിക്കേണ്ടിവന്നത് വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും തനിക്ക് ഇഷ്ടപ്പെടാത്ത സാഹചര്യങ്ങളിലും നിയമം നടപ്പാക്കാൻ കഴിയണമെന്നതാണ് ശരി എന്നും അവർ വ്യക്തമാക്കി. അതേസമയം മുഖംമൂടി ധരിച്ച് തുറമുഖങ്ങൾ തടയുകയും തന്റെ കുടിയേറ്റ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന തീവ്ര വലതുപക്ഷ പ്രവർത്തകർ തന്നെ കൊല്ലുമെന്നും സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരാണെന്നും മഹ്മൂദ് ആരോപിച്ചു.

ഇതിനിടെ ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടിൽ യുകെയിലേക്ക് നീങ്ങുന്ന ഒരു കുടിയേറ്റ ബോട്ടിനെ ഫ്രഞ്ച് തീരസംരക്ഷണ സേനയും രക്ഷാപ്രവർത്തന കപ്പലുകളും തടഞ്ഞു . സ്ത്രീകൾക്കും പെൺകുട്ടികൾക്കും അപകടം മാത്രമല്ല യാത്രകളിൽ ലൈംഗിക അതിക്രമങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് റെഫ്യൂജി കൗൺസിൽ ഡയറക്ടർ ഇമ്രാൻ ഹുസൈൻ നേരെത്തെ പറഞ്ഞിരുന്നു. ഇത്തരം അപകടങ്ങളിൽനിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ സുരക്ഷിതവും നിയമപരവുമായ കുടിയേറ്റ മാർഗങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്നും നിലവിലുള്ള മാർഗങ്ങൾ അടച്ചുപൂട്ടുന്നത് മനുഷ്യക്കടത്തുകാരുടെ കൈകളിലേക്ക് കൂടുതൽ പേരെ എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.