ലണ്ടൻ : അടുത്ത മൂന്നു വർഷത്തേയ്ക്ക് കൗൺസിൽ ടാക്സ് അഞ്ചു ശതമാനം വീതം ഉയരുമെന്ന് തിങ്ക് ടാങ്ക് മുന്നറിയിപ്പ്. നിലവിലെ സർക്കാർ പദ്ധതികൾക്ക് കീഴിൽ, ടൗൺ ഹാളുകൾക്ക് പ്രവർത്തിക്കാൻ ഓരോ വർഷവും കുറഞ്ഞത് 3.6 ശതമാനം വർദ്ധനവ് ആവശ്യമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസ് (ഐഎഫ്എസ്) അറിയിച്ചു. എന്നാൽ ഇതിലും കൂടുതൽ ഉയരാനാണ് സാധ്യത. കഴിഞ്ഞ മാസം സർക്കാർ പ്രഖ്യാപിച്ച സോഷ്യൽ കെയർ പരിഷ്കാരങ്ങൾക്ക് ഫണ്ടില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം 5 ബില്യൺ പൗണ്ട് ചെലവാകുമെന്നും ഐഎഫ്എസ് പറഞ്ഞു. കൗൺസിലുകൾക്ക് പിന്തുണ നൽകുന്നതിനായി കഴിഞ്ഞ 18 മാസങ്ങളിൽ സർക്കാർ ഫണ്ടുകൾ നൽകിയിട്ടുണ്ട്. എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ കൗൺസിലുകൾക്ക് കൂടുതൽ ഫണ്ട്‌ കണ്ടെത്തേണ്ടി വരും. അതുകൊണ്ട് കൗൺസിൽ നികുതി, വർഷത്തിൽ നാല് ശതമാനമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഐഎഫ്എസിലെ ഗവേഷണ സാമ്പത്തിക വിദഗ്ധനായ കേറ്റ് ഓഗ്ഡൻ പറഞ്ഞു.

2024/25 ആകുമ്പോഴേക്കും കൗൺസിലുകൾക്ക് അധികമായി 8 ബില്യൺ പൗണ്ട് ആവശ്യമാണെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) വ്യക്തമാക്കി. കോവിഡ് സമ്മർദ്ദവും പെട്ടെന്നുള്ള പരിഷ്കാരങ്ങളും കാരണം വരാനിരിക്കുന്ന സാമ്പത്തിക വർഷം പ്രതിസന്ധി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. തദ്ദേശ സ്വയംഭരണ ഫണ്ടിംഗ് സംവിധാനം സർക്കാർ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അവർ ഓർമിപ്പിക്കുന്നു.

സാമൂഹിക പരിഷ്കരണത്തിനായി മൂന്ന് വർഷത്തിനിടെ അനുവദിച്ച 5.4 ബില്യൺ പൗണ്ട്, സർക്കാർ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർണ്ണമായി നിറവേറ്റാൻ പര്യാപ്തമായതല്ല. മതിയായ ധനസഹായമില്ലാതെ, പരിപാലനം നടത്തുന്നതിന് നികുതി വർദ്ധനവ് പോലെയുള്ള മാർഗങ്ങൾ കൗൺസിലുകൾ കൈകൊള്ളും. എന്നാൽ കൗൺസിൽ നികുതി വർദ്ധനവിനെ മാത്രം ആശ്രയിക്കാൻ മന്ത്രിമാർക്ക് കഴിയില്ലെന്ന് എൽജിഎ ചൂണ്ടിക്കാട്ടി. പ്രാദേശിക സേവനങ്ങൾ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങൾ കൗൺസിൽ നികുതി വരുമാനം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ല. എന്നാൽ പകർച്ചവ്യാധിയുടെ തുടക്കം മുതൽ സർക്കാർ കൗൺസിലുകൾക്ക് 12 ബില്യണിലധികം നേരിട്ട് അനുവദിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം.