മനോജ് ജോസഫ്
ലിവർപൂൾ: യുകെയിലെ കായികവേദികളിൽ വിജയക്കൊടി പാറിച്ച ലിവർപൂൾ മലയാളി അസോസിയേഷൻ്റെ (LIMA) വനിതാ താരങ്ങൾക്ക് പ്രൗഢഗംഭീരമായ ആദരം. 2026 ഒക്ടോബർ 4-ന് ലിവർപൂളിലെ സെന്റ് മാർഗരറ്റ് മേരീസ് പള്ളി ഹാളിൽ നടന്ന തിളക്കമാർന്ന ചടങ്ങിലാണ് ജേതാക്കളെ ലിമയുടെ നേതൃത്വം ഔദ്യോഗികമായി ആദരിച്ചത്. ഈ വർഷത്തെ യുക്മ (UUKMA) കേരളപൂരം വള്ളംകളി മത്സരത്തിൽ എതിരാളികളെ പിന്തള്ളി കിരീടം ചൂടിയ വനിതാ ടീമിനെയും, ‘ഒരുമ ബ്ലാക്ക്ബേൺ പുൾ ലീഗ് സീസൺ 2’ വടംവലി മത്സരത്തിൽ ഉജ്ജ്വല വിജയം കൈവരിച്ച വനിതാ താരങ്ങളെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.

ചടങ്ങിൽ ലിമ സെക്രട്ടറി ബ്ലെസ്സൺ രാജൻ സ്വാഗതമാശംസിച്ചു. ഈ വിജയം വെറുമൊരു കായിക നേട്ടം മാത്രമല്ലെന്നും, മറിച്ച് ലിമ എന്ന പ്രവാസി കൂട്ടായ്മയുടെ കായിക മുന്നേറ്റത്തിന്റെയും ഒത്തൊരുമയുടെയും മകുടോദാഹരണമാണെന്നും അധ്യക്ഷപ്രസംഗത്തിൽ ലിമ പ്രസിഡന്റ് ബിജു ജോർജ് ചൂണ്ടിക്കാട്ടി. മുഖ്യാതിഥികളായി പങ്കെടുത്ത ഭാരവാഹികളും പ്രമുഖരും ടീമുകളുടെ കഠിനാധ്വാനത്തെയും മികച്ച പ്രകടനത്തെയും അഭിനന്ദിച്ചു സംസാരിച്ചു.

ടീം അംഗങ്ങളുടെ അർപ്പണബോധത്തോടൊപ്പം സ്പോൺസർ മാത്യു അലക്സാണ്ടറിന്റെ (LTC Global Consultancy) പിന്തുണയും കോച്ച് ഹരി കുമാർ ഗോപാലൻ്റെ ചിട്ടയായ മാർഗ്ഗനിർദ്ദേശങ്ങളുമാണ് ഈ ചരിത്ര വിജയത്തിന് നിർണ്ണായകമായതെന്ന് വള്ളംകളി ടീം ക്യാപ്റ്റൻ ജൂലി ഫിലിപ്പ് പറഞ്ഞു. കളിക്കളത്തിൽ ഒരേ മനസ്സോടെ ടീം നടത്തിയ കഠിനാധ്വാനമാണ് വിജയത്തിലേക്ക് വഴിയൊരുക്കിയതെന്ന് വടംവലി ടീം ക്യാപ്റ്റൻ ഷേർലി സ്റ്റാൻലി അഭിപ്രായപ്പെട്ടു. ഈ മഹത്തായ നേട്ടങ്ങൾക്കായി അക്ഷീണം പ്രവർത്തിച്ച മുഴുവൻ അംഗങ്ങൾക്കും പിന്തുണ നൽകിയ പ്രവാസി സമൂഹത്തിനും കോച്ച് ഹരികുമാർ നന്ദി രേഖപ്പെടുത്തി. യുകെയിലെ കായികരംഗത്ത് മലയാളി വനിതകൾ പ്രകടിപ്പിച്ച അസാധാരണ ടീം സ്പിരിറ്റും ആത്മവിശ്വാസവും സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് വള്ളംകളി ടീം സ്പോൺസറായ സിൻലെറ്റ് മാത്യു (LTC Global Consultancy) പറഞ്ഞു. ലിമയുടെ അഭിമാനമുയർത്തിയ എല്ലാ കായികപ്രതിഭകൾക്കും ലിമ ട്രഷറർ ജോസ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

നാടും വീടും വിട്ട് ആയിരക്കണക്കിന് മൈലുകൾക്കപ്പുറം ജീവിക്കുമ്പോഴും തനത് നാടൻ കായിക മാമാങ്കങ്ങളുടെ ആവേശം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് അടിവരയിടുന്നതായിരുന്നു ഈ ഒത്തുചേരൽ. പരസ്പര സ്നേഹവും വിജയത്തിന്റെ മധുരവും പങ്കുവെച്ച മനോഹരമായ ഒരു കുടുംബ സംഗമമായി മാറിയ ഈ ചടങ്ങ്, പ്രവാസലോകത്ത് വരുംതലമുറകൾക്കും പുതിയ താരങ്ങൾക്കും ഒരുപോലെ ഊർജ്ജം പകരുന്ന അനുഭവമായി മാറി.













Leave a Reply