നിലമ്പൂർ: കോളേജ് അധ്യാപകൻ ഉൾപ്പെടെ പ്രതികളായ എംഡിഎംഎ കേസിൽ നാലുപേർക്ക് ഉപാധികളോടെ ജാമ്യം. മമ്പാട് എം.ഇ.എസ്. കോളേജിലെ താൽക്കാലിക അധ്യാപകൻ സുഹൈൽ പെരിങ്ങോടൻ, ബ്യൂട്ടി പാർലർ ഉടമ ടി.എൻ. റീന, മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവർക്കാണ് നിലമ്പൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ബ്യൂട്ടി പാർലറിൽ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെയാണ് റീന, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സുബ്രഹ്മണ്യനിൽനിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും നേരത്തെ പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ സുഹൈൽ റീനയ്ക്കും സുബ്രഹ്മണ്യത്തിനും എംഡിഎംഎ എത്തിച്ചുന ൽകിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സുഹൃത്തുക്കൾക്കിടയിൽ ലഹരി വിൽപ്പന നടത്തിയിരുന്നതായും വിവരം ലഭിച്ചു.
അതിനിടെ, റീനയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ സമീപത്ത് കണ്ടെത്തിയ കാറിൽനിന്ന് 20.30 ഗ്രാം കഞ്ചാവും 2.06 ലക്ഷം രൂപയും പിടികൂടി. കാറിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും ലഹരിമരുന്നും കണ്ടെത്തിയത്. 500 രൂപയുടെ കെട്ടുകളാക്കി സൂക്ഷിച്ചിരുന്ന പണത്തിനൊപ്പം പാസ്ബുക്ക്, ചെറിയ കവറുകൾ, ഇലക്ട്രോണിക് ത്രാസ് എന്നിവയും കണ്ടെടുത്തു. കാറിന്റെ ഉടമയെയും നിലവിലെ പ്രതികളുമായുള്ള ബന്ധവും ഉൾപ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.











Leave a Reply