കൊച്ചി ∙ സുരക്ഷാ ആശങ്കകളെത്തുടർന്ന് ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലെ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ വിമാനക്കമ്പനികളാണ് ഒക്ടോബർ 10 വരെയുള്ള ചില സർവീസുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകുകയോ യാത്ര പുനഃക്രമീകരിക്കുകയോ ചെയ്യുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ഇന്നലെ വൈകിട്ട് 7.55ന് പുറപ്പെടേണ്ട ആകാശ എയറിന്റെ ക്യുപി 523, രാത്രി 9.40ന് പുറപ്പെടേണ്ട സൗദിയുടെ എസ്‌വി 775 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ കൂടുതൽ വിവരങ്ങൾക്കും യാത്രാ ക്രമീകരണങ്ങൾക്കുമായി ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, കണ്ണൂരിൽനിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 789 വിമാനം പാതിവഴിയിൽനിന്ന് തിരിച്ചിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് 2.10ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട വിമാനം വൈകിട്ട് 4.30ന് റിയാദിൽ എത്തേണ്ടതായിരുന്നു. എന്നാൽ സുരക്ഷാ ആശങ്കകളെത്തുടർന്ന് റിയാദിൽ ഇറങ്ങാതെ മടങ്ങിയ വിമാനം രാത്രി എട്ടോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തി. യാത്രക്കാർക്കായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. യാത്ര തിരിക്കുന്നതിനു മുൻപ് വിമാനത്തിന്റെ പുതുക്കിയ സമയവിവരങ്ങൾ ബന്ധപ്പെട്ട വിമാനക്കമ്പനികളിൽനിന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.