ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലെ രാജകീയ ചുമതലകളിൽനിന്ന് പിന്മാറി ഭാര്യ മേഗനൊപ്പം അമേരിക്കയിലേക്ക് താമസം മാറിയതിനു പിന്നാലെ താൻ വിഷാദാവസ്ഥയിലൂടെ കടന്നു പോയതായി ഹാരി രാജകുമാരൻ. 2019-ൽ ബ്രിട്ടൻ വിട്ട അദ്ദേഹം ആദ്യം കാനഡയിലേക്കാണ് താമസം മാറിയത്. പിന്നീട് ഭാര്യ മേഗനൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലേക്ക് പോയി. ബ്രിട്ടനിലെ സമ്മർദങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മാറി കുറച്ചുകാലം സമാധാനത്തോടെ ജീവിക്കാനും മാനസികമായി ആശ്വാസം കണ്ടെത്താനുമായിരുന്നു രാജ്യം വിടാൻ തീരുമാനിച്ചതെന്ന് ഹാരി പറഞ്ഞു. എന്നാൽ പുതിയ ജീവിതത്തിലേക്ക് മാറിയതോടെ പ്രതീക്ഷിച്ച ആശ്വാസം ഉടൻ ലഭിച്ചില്ലെന്നും രണ്ടാഴ്ചയോളം വിഷാദാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാനഡയിലെത്തിയതിനു പിന്നാലെ ശരീരത്തിലും മനസ്സിലും ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും ഹാരി വിശദീകരിച്ചു. സമ്മർദം നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ ഉയർന്ന നിലയിലായിരുന്നിരിക്കാമെന്നും അവിടെനിന്ന് മാറി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അതിന്റെ നില കുറഞ്ഞതോടെ തളർച്ച അനുഭവപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. സമ്മർദം ആവശ്യമായിരുന്നോ എന്നുപോലും തോന്നിയെന്നും വീട്ടിലെ കാര്യങ്ങൾ ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും ഹാരി ഓർത്തെടുത്തു. ഈ അനുഭവം തന്റെ മാനസികാരോഗ്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാവ് ഡയാന രാജകുമാരിയുടെ മരണശേഷം നേരിട്ട മാനസിക സംഘർഷങ്ങളെക്കുറിച്ചും ഹാരി തുറന്നുപറഞ്ഞു. അമ്മയുടെ മരണത്തിനു പിന്നാലെ വൈകാരികമായി മരവിച്ച അവസ്ഥയിലായിരുന്നു താനെന്നും അമ്മയില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന ചിന്തപോലും കുറ്റബോധമുണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയെ നഷ്ടപ്പെട്ടതിന്റെ ദുഃഖവും അതിൽനിന്ന് പുറത്തുകടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ശ്രമവും ഏറെ പ്രയാസകരമായിരുന്നു. വിഷാദത്തെ എങ്ങനെ നേരിടാമെന്ന ക്ലാസിന്റെ ഭാഗമായാണ് ന്യൂറോ സയന്റിസ്റ്റുമായുള്ള സംഭാഷണത്തിൽ ഹാരി തന്റെ അനുഭവങ്ങൾ പങ്കുവച്ചത്. ഹാരിയും സഹോദരൻ വില്യം രാജകുമാരനും മാതാവിന്റെ മരണശേഷമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നേരത്തേയും തുറന്നുപറഞ്ഞിട്ടുണ്ട്.