ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാനസികാരോഗ്യ പ്രശ്നങ്ങൾക്കും എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകൾക്കും ഉള്ള ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നതോടെ എൻഎച്ച്എസ് ഗുരുതര പ്രതിസന്ധി നേരിടുന്നതായി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ചെയ്തു . ചികിത്സയ്ക്കും രോഗനിർണയത്തിനുമായി വർഷങ്ങളോളം കാത്തിരിക്കേണ്ട സാഹചര്യം രോഗികളെയും കുടുംബങ്ങളെയും ദുരിതത്തിലാക്കുകയാണ്. യൂണിവേഴ്സിറ്റി കോളജ് ലണ്ടനിലെ പ്രഫ. പീറ്റർ ഫൊനാഗിയുടെ നേതൃത്വത്തിലുള്ള പത്തുമാസത്തെ പഠനത്തിലാണ് മുന്നറിയിപ്പ്. 1993ൽ 16–64 പ്രായവിഭാഗത്തിൽ സാധാരണ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടവർ 15.5 ശതമാനമായിരുന്നെങ്കിൽ 2024ൽ ഇത് 22.6 ശതമാനമായി. 16–24 പ്രായവിഭാഗത്തിൽ നിരക്ക് ആറിലൊരാൾ എന്നതിൽനിന്ന് നാലിലൊരാൾ എന്ന നിലയിലേക്ക് ഉയർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഡിഎച്ച്ഡി രോഗനിർണയത്തിനായി കഴിഞ്ഞ വർഷം അവസാനം ഇംഗ്ലണ്ടിൽ 5.60 ലക്ഷത്തിലധികം പേർ കാത്തിരിപ്പു പട്ടികയിലുണ്ടായിരുന്നു. 2019നെ അപേക്ഷിച്ച് 17 മടങ്ങാണ് വർധന. ഓട്ടിസം രോഗനിർണയത്തിനായി 2.54 ലക്ഷം പേരും കാത്തിരിക്കുന്നുണ്ട്. ആകെ എട്ടു ലക്ഷത്തിലധികം പേർ രോഗനിർണയത്തിനായി കാത്തിരിക്കുമ്പോൾ 90 ശതമാനം പേരും മൂന്നുമാസത്തിലേറെയായി കാത്തിരിക്കുകയാണ്. കുട്ടികളിലെ ഓട്ടിസം, എഡിഎച്ച്ഡി രോഗനിർണയങ്ങളുടെ എണ്ണവും കുത്തനെ വർധിച്ചു. ഇതോടെ തെറ്റായ രോഗനിർണയത്തിനും ആവശ്യത്തിലധികം രോഗനിർണയം നടത്തുന്നതിനുമുള്ള സാധ്യത വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. സ്വകാര്യ ക്ലിനിക്കുകളിലെ പരിശോധനകളുടെ ഗുണനിലവാരത്തിലും സ്ഥിരതയിലും ആശങ്കയുള്ളതിനാൽ ഇത്തരം സ്ഥാപനങ്ങളെല്ലാം കർശന നിയന്ത്രണത്തിന് വിധേയമാക്കണമെന്നും പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ നിരോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു.

രോഗനിർണയം ലഭിച്ചവർക്കു മാത്രമല്ല, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന എല്ലാവർക്കും ആവശ്യാനുസരണം ചികിത്സയും പിന്തുണയും ഉറപ്പാക്കുന്ന സംവിധാനം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. മാനസികാരോഗ്യ സേവനങ്ങളും ഓട്ടിസം, എഡിഎച്ച്ഡി ചികിത്സാ സംവിധാനങ്ങളും ഏകോപിപ്പിക്കണമെന്നും കുട്ടികൾക്കും യുവാക്കൾക്കും നേരത്തേ സഹായം ലഭ്യമാക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. സാമ്പത്തിക സമ്മർദം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യം, ഉയർന്ന ഭവനച്ചെലവ്, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ യുവാക്കളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായും വിലയിരുത്തി. റിപ്പോർട്ടിലെ നിർദേശങ്ങൾ പരിഗണിച്ച് പുതിയ മാനസികാരോഗ്യ തന്ത്രം രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി യെവെറ്റ് കൂപ്പർ അറിയിച്ചു. സ്വകാര്യ രോഗനിർണയ ക്ലിനിക്കുകളെ നിയന്ത്രിക്കുമെന്നും ചികിത്സയ്ക്കും സഹായത്തിനും വേണ്ടിയുള്ള കാത്തിരിപ്പ് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.