തിരുവനന്തപുരം: എക്സാലോജിക്–സിഎംആർഎൽ മാസപ്പടി കേസിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യും. കാലതാമസമില്ലാതെ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അഴിമതിക്കേസ് അന്വേഷിക്കേണ്ടത് വിജിലൻസാണെന്നും കോടതി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥപ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി. നൽകിയ 25 പേജുള്ള കത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ പ്രാഥമിക തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളും കോടതി പരിഗണിച്ചു. വീണ്ടും പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി.
സിഎംആർഎല്ലും വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും തമ്മിലുള്ള പണമിടപാടുകളുടെ വിവരങ്ങളും കോടതി ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീണാ വിജയന് 2017 മാർച്ച് മുതൽ 2020 ജൂൺ വരെ വിവിധ തുകകൾ നൽകിയതായും എക്സാലോജിക്കിന് 3.24 ലക്ഷം രൂപ വീതം ലഭിച്ചതായും ഉത്തരവിൽ പറയുന്നു. ഇതിനു പുറമേ, എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്റ്സിൽനിന്ന് എക്സാലോജിക്കിന് രണ്ടു തവണയായി 25 ലക്ഷം രൂപ വീതം നൽകിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 3.28 കോടി രൂപയുടെ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ഇടപാടുകളും വിദേശത്തേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും കോടതി പരാമർശിച്ചു. ഈ വിവരങ്ങൾ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ പ്രാഥമികമായി മതിയായതാണെന്നാണ് കോടതിയുടെ വിലയിരുത്തൽ.











Leave a Reply