ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോട്ടയം: യുകെയിൽ ഉപരിപഠനത്തിന് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന കൃപ മെറിൻ കുര്യന്റെ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബാംഗങ്ങളെയും കണ്ണീരിലാഴ്ത്തി. പാമ്പാടി പതിമൂന്നാം മൈലിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൃപ മെറിൻ കുര്യനും സുഹൃത്ത് ആഷ്‌ലി ആൻ തോമസും മരിച്ചു. പാമ്പാടി പൊത്തൻപുറം സ്വദേശി ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകളാണ് കൃപ മെറിൻ. മീനടം വട്ടക്കാവുങ്കൽ തോമസിന്റെ മകളാണ് ആഷ്‌ലി ആൻ തോമസ് (25).

ബുധനാഴ്ച രാവിലെ ഒൻപതോടെ ദേശീയപാത 183ലെ കെ.കെ. റോഡിൽ പതിമൂന്നാം മൈലിലായിരുന്നു അപകടം. കട്ടപ്പനയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയിലേക്ക് സ്കൂട്ടർ തെന്നിവീഴുകയായിരുന്നു. മുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
ഓസ്‌ട്രേലിയയിൽ എം.എസ്.ഡബ്ല്യു പഠനം പൂർത്തിയാക്കിയ കൃപ രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. തുടർന്ന് യുകെയിൽ ഉപരിപഠനം നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു. പുതിയൊരു ജീവിതത്തിനും പഠനത്തിനുമായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. ആഷ്‌ലിയും ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇരുവരുടെയും ഭാവിസ്വപ്നങ്ങൾ പൂവണിയാനിരിക്കെ സംഭവിച്ച ദുരന്തം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തീരാനഷ്ടമായി.
കൃപയുടെയും ആഷ്‌ലിയുടെയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply