തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ മഴ കനക്കുന്നു. തെക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമായിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര, തീരദേശ മേഖലകളിലാണ് മഴ ശക്തമായി തുടരുന്നത്. അടുത്ത മണിക്കൂറുകളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരത്തെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനിച്ചു. വിതുര, പൊൻമുടി മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതോടെ രണ്ട് ചെറിയ പാലങ്ങൾ വെള്ളത്തിനടിയിലായി. മക്കിയാർ നദിയും കരകവിഞ്ഞൊഴുകുകയാണ്. ചാത്തന്നൂരിൽ ദേശീയപാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു.
ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിലും മഴ ശക്തമാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർ ഡാമിന്റെ നാല് ഷട്ടറുകൾ ചൊവ്വാഴ്ച രാത്രി എട്ടുമണി മുതൽ 20 സെന്റിമീറ്റർ വീതം ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ പരമാവധി ജലനിരപ്പ് 824.48 മീറ്ററാണ്. നിലവിൽ ജലനിരപ്പ് 821 മീറ്ററിലെത്തിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കുന്നതോടെ സെക്കൻഡിൽ 80 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കും. ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
അതേസമയം, കൊച്ചി – ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി–മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് ഗതാഗതം പൂർണമായി നിരോധിച്ചു. ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെയാണ് കഴിഞ്ഞ രാത്രി പാറ വീണത്. പ്രദേശത്ത് അപകടകരമായ നിലയിൽ മറ്റു പാറകളും മരങ്ങളും നിൽക്കുന്നതിനാൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നു. റോഡിൽ പതിച്ച പാറ പൊട്ടിച്ചുനീക്കുന്നതിനും അപകടാവസ്ഥയിലുള്ള പാറകളും മരങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും മൂന്ന് ദിവസത്തോളം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സുരക്ഷാ നടപടികൾ പൂർത്തിയാകുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം.











Leave a Reply