ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രെക്സിറ്റിനു ശേഷം യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനഃപരിശോധിക്കണമെന്ന നിലപാടുമായി ലേബർ നേതാവ് ആൻഡി ബേൺഹാം. എന്നാൽ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര സഞ്ചാര സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രെക്സിറ്റിനു ശേഷം ബ്രിട്ടനിലെ കുടിയേറ്റത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായെന്നും ഇക്കാര്യത്തിൽ ജനങ്ങളുമായി തുറന്ന ചർച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് താൽക്കാലികമായി ജോലിക്കെത്തി മടങ്ങിയിരുന്നവർക്ക് പകരം മറ്റു രാജ്യങ്ങളിൽനിന്ന് കൂടുതൽ ആശ്രിതരുമായി എത്തി ദീർഘകാലം താമസിക്കുന്നവരുടെ എണ്ണം വർധിച്ചുവെന്നാണ് ബേൺഹാമിന്റെ വിലയിരുത്തൽ. ബ്രിട്ടന്റെ ഭാവി ബന്ധം സംബന്ധിച്ച ഏത് തീരുമാനവും ജനങ്ങളുടെ അഭിപ്രായം മാനിച്ചായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ സർക്കാർ ജാഗ്രത പാലിക്കണമെന്ന് മുതിർന്ന മന്ത്രിമാരും വ്യക്തമാക്കി. ലേബർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഈ പാർലമെന്റിന്റെ കാലാവധിയിൽ യൂറോപ്യൻ യൂണിയന്റെ കസ്റ്റംസ് യൂണിയനിലേക്കോ ഏകീകൃത വിപണിയിലേക്കോ മടങ്ങില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ഷബാന മഹ്മൂദ് പറഞ്ഞു. സ്വതന്ത്ര സഞ്ചാര സംവിധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിലും ഈ നിലപാടിൽ മാറ്റമുണ്ടാകില്ല. എന്നാൽ ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നിയന്ത്രണത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. യൂറോപ്യൻ യൂണിയന്റെ സംയുക്ത വിവരശേഖരണ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം നഷ്ടമായത് കുടിയേറ്റം നിയന്ത്രിക്കാനുള്ള ബ്രിട്ടന്റെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും മഹ്മൂദ് ചൂണ്ടിക്കാട്ടി.
ഇതിനിടെ, നവംബറിൽ നടക്കുന്ന ബ്രിട്ടൻ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ വ്യാപാര-സഹകരണ മേഖലകളിൽ നിർണായക ധാരണകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ-പാനീയ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കുള്ള ബ്രെക്സിറ്റാനന്തര പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കുക, മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യാപാര സംവിധാനത്തിൽ സഹകരിക്കുക, യുവാക്കൾക്കായി യാത്രാ-തൊഴിൽ പദ്ധതി നടപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ഇതിനു പിന്നാലെ ഇരുപക്ഷവും തമ്മിലുള്ള ദീർഘകാല ബന്ധം സംബന്ധിച്ച ചർച്ചകൾ ആരംഭിക്കും. അതേസമയം, യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും അനധികൃതമായി ചെറുബോട്ടുകളിൽ എത്തുന്ന കുടിയേറ്റം തടയുന്നതിനും നിലവിലെ കുടിയേറ്റ സംവിധാനം കൂടുതൽ നിയന്ത്രണവിധേയമാക്കുന്നതിനുമാണ് സർക്കാരിന്റെ മുൻഗണനയെന്ന് എമിഗ്രേഷൻ മന്ത്രി അന്ന ടർലി വ്യക്തമാക്കി.











Leave a Reply