അറ്റ്‌ലാന്റിക് കടൽവഴിയുള്ള അടിമക്കച്ചവടത്തിൽ ബ്രിട്ടൻ വഹിച്ച പങ്കിന് ഔദ്യോഗികമായി മാപ്പുപറയാൻ സർക്കാർ തയ്യാറെടുക്കുന്നു. എന്നാൽ അടിമക്കച്ചവടത്തിന് ഇരയായ രാജ്യങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മാപ്പുപറയാനുള്ള നീക്കം ബ്രിട്ടീഷ് നികുതിദായകർക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കില്ലെന്നും വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് പറഞ്ഞു. ബിബിസിയുടെ ന്യൂസ്‌കാസ്റ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിമക്കച്ചവടത്തിന്റെ ചരിത്രവും അതിന്റെ ദുരിതങ്ങളും അവഗണിക്കാതെ തുറന്ന ചർച്ചയ്ക്ക് തയ്യാറാകുകയാണ് സർക്കാരെന്ന് മിലിബാൻഡ് പറഞ്ഞു. മുൻ ബ്രിട്ടീഷ് സർക്കാരുകൾ ഈ വിഷയത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2007-ൽ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അടിമക്കച്ചവടത്തിൽ ബ്രിട്ടന്റെ പങ്കിനെക്കുറിച്ച് ദുഃഖവും ഖേദവും പ്രകടിപ്പിച്ചെങ്കിലും ഔദ്യോഗിക മാപ്പുപറയുന്നതിൽ നിന്ന് പിന്നീട് പിന്നോട്ടുപോയെന്നും മിലിബാൻഡ് ചൂണ്ടിക്കാട്ടി. 2024-ൽ സമോവയിൽ നടന്ന കോമൺവെൽത്ത് ഉച്ചകോടിയിലും ഈ വിഷയം വലിയ നയതന്ത്ര തർക്കത്തിന് കാരണമായിരുന്നു.
ബ്രിട്ടീഷ് ഭരണകൂടത്തിന്റെ പങ്കാളിത്തത്തോടെ മൂന്ന് ദശലക്ഷത്തിലധികം ആളുകളെ അടിമകളാക്കി കപ്പലുകളിൽ കടത്തിയെന്നാണ് മിലിബാൻഡ് വ്യക്തമാക്കിയത്. യാത്രയ്ക്കിടെ ലക്ഷക്കണക്കിന് പേർ മരിക്കുകയും രക്ഷപ്പെട്ടവർ കരീബിയൻ ദ്വീപുകളിലും അമേരിക്കൻ ഭൂഖണ്ഡത്തിലും കൊടിയ പീഡനങ്ങൾ നേരിടുകയും ചെയ്തു. ഈ ചരിത്രം സംബന്ധിച്ച് ബാധിക്കപ്പെട്ട രാജ്യങ്ങളുമായി സർക്കാർ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 2027 നവംബറിൽ മാഞ്ചസ്റ്ററിൽ നടക്കുന്ന ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഔദ്യോഗിക മാപ്പുപറയൽ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, ബ്രിട്ടൻ ചരിത്രപരമായ തെറ്റുകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിലും അതിന്റെ പേരിൽ സാമ്പത്തിക നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.











Leave a Reply