കാലടി സർവകലാശാലയിലെ സസ്‌പെൻഷനിലായ വിദ്യാർഥികളുടെ പരീക്ഷാ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് 16 വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ വിദ്യാർഥികൾക്ക് അനുകൂലമായ വിധിയുണ്ടായാൽ പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിടാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സെമസ്റ്റർ പരീക്ഷ എഴുതാൻ അനുമതി തേടി വിദ്യാർഥികൾ സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു. എന്നാൽ, സർവകലാശാലയുടെ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. ആവശ്യമായ ഹാജർനില ഇല്ലെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പ്രധാന കണ്ടെത്തൽ. സസ്‌പെൻഷൻ കാരണം ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനാലാണ് ഹാജർ കുറഞ്ഞതെന്നാണ് വിദ്യാർഥികളുടെ വാദം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് പരീക്ഷ ആരംഭിക്കുന്നതിനാൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് വിദ്യാർഥികൾ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടെങ്കിലും ഇന്ന് വാദം കേൾക്കാനാകില്ലെന്ന് കോടതി അറിയിച്ചു. പരീക്ഷ എഴുതാൻ കഴിയാത്തപക്ഷം ഒരു അധ്യയനവർഷം നഷ്ടമാകുമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് വിദ്യാർഥികൾ കേസിൽ വിജയിച്ചാൽ പ്രത്യേക പരീക്ഷ നടത്താൻ ഉത്തരവിടാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും.