ഓച്ചിറയിൽ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസിനെതിരെ (34) വീണ്ടും പരാതി. കൊല്ലം സ്വദേശിനിയായ യുവതിയാണ് സമാന രീതിയിൽ തനിക്ക് ദുരനുഭവമുണ്ടായെന്ന് ആരോപിച്ച് രംഗത്തെത്തിയത്. മതപ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായാണ് നിയാസിനെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോൺ സംഭാഷണങ്ങളിലൂടെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും യുവതി ആരോപിക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിച്ചശേഷമായിരുന്നു മോശമായ പെരുമാറ്റമെന്നും പരാതിയിലുണ്ട്. പുതിയ പരാതി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണസംഘത്തിന് നിർണായകമായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുമായുള്ള ഫോൺ സംഭാഷണങ്ങളും ശബ്ദസന്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2025 ഒക്ടോബർ മുതൽ തിരുവനന്തപുരം സ്വദേശിയായ 65 വയസ്സുള്ള മുത്തശ്ശിയോടൊപ്പം എത്തിയ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. മുത്തശ്ശിയുടെ രോഗവും ബാധയും മാറ്റാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി പെൺകുട്ടിയെ സമീപിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഓച്ചിറ മേമനയിലെ മതപഠനകേന്ദ്രത്തിലും പ്രതി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും അതിക്രമം നടന്നതായി പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് പെൺകുട്ടിയോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കൂടുതൽ പെൺകുട്ടികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി നടത്തിയിരുന്ന മേമനയിലെ മതപഠനകേന്ദ്രത്തിൽ ഒൻപത് പെൺകുട്ടികളടക്കം 40 വിദ്യാർഥികളാണ് താമസിച്ച് പഠിച്ചിരുന്നത്. കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിനും മൊഴി രേഖപ്പെടുത്തുന്നതിനും പൊലീസ് നടപടി ആരംഭിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഐസിഡിഎസ് സൂപ്പർവൈസർ, പഞ്ചായത്ത് ജാഗ്രതാ സമിതി, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനം അടപ്പിച്ചിരുന്നു. സ്ഥാപനത്തിന്റെ പേരിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഭൂമി വാങ്ങൽ തുടങ്ങിയ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. കരുനാഗപ്പള്ളി എസിപി ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.











Leave a Reply