ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് കെന്റിലെ എം20 മോട്ടോർവേയിൽ 30-ലേറെ വാഹനങ്ങൾ ഉൾപ്പെട്ട വൻ അപകടം. ശനിയാഴ്ച വൈകിട്ട് 6.41ഓടെ മെയ്ഡ്‌സ്റ്റോണിന് സമീപം ഹോളിംഗ്ബോണിൽ ലണ്ടൻ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരിൽ ഒരാളെ ലണ്ടനിലെ ആശുപത്രിയിലും മറ്റൊരാളെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റു ചിലരുടെ നില ഗുരുതരമല്ലെന്നാണ് കെന്റ് പൊലീസ് അറിയിച്ചത്. അപകടത്തെത്തുടർന്ന് എം20യുടെ ഇരുവശങ്ങളിലുമുള്ള ജങ്ഷൻ 8 (ഹോളിംഗ്ബോൺ), ജങ്ഷൻ 9 (ആഷ്ഫഡ്) എന്നിവയ്ക്കിടയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനത്ത മൂടൽമഞ്ഞാണ് അപകടസമയത്ത് പ്രദേശത്ത് ദൃശ്യപരത കുറച്ചതെന്ന് നാഷനൽ ഹൈവേസ് അറിയിച്ചു. കെന്റ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ മൂന്ന് അഗ്നിശമന വാഹനങ്ങളും പ്രത്യേക സാങ്കേതിക രക്ഷാപ്രവർത്തക സംഘവും സ്ഥലത്തെത്തി. ആംബുലൻസ് ജീവനക്കാർക്ക് കൈമാറിയ 11 പേരിൽ രണ്ടുപേരെയാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടസമയത്ത് കാഴ്ചാപരിധി വളരെ കുറഞ്ഞിരുന്നുവെന്ന് യാത്രക്കാരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ചിലർ സമീപത്തെ വെടിക്കെട്ട് പ്രദർശനത്തിൽ നിന്നുള്ള പുകയും മൂടൽമഞ്ഞിനൊപ്പം ദൃശ്യപരത കുറച്ചിരിക്കാമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെ എം20യുടെ ഇരുവശങ്ങളിലെയും ഗതാഗതം പുനഃസ്ഥാപിച്ചതായി നാഷനൽ ഹൈവേസ് അറിയിച്ചു. അതേസമയം, ദക്ഷിണ ഇംഗ്ലണ്ടിലും മിഡ്‌ലാൻഡ്‌സിന്റെ വിവിധ ഭാഗങ്ങളിലും രാവിലെ പത്തുമണി വരെ മൂടൽമഞ്ഞിനെക്കുറിച്ച് മെറ്റ് ഓഫിസിന്റെ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. ചിലയിടങ്ങളിൽ കാഴ്ചാപരിധി 50 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. അപകടത്തെക്കുറിച്ച് വിവരങ്ങളോ ഡാഷ്‌ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ 07-1245 എന്ന റഫറൻസ് നമ്പർ സഹിതം കെന്റ് പൊലീസിനെ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.