തിരുവനന്തപുരം: എയ്ഡഡ്, സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതിയായ എൻഒസി (NOC) ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സർക്കുലർ പുറത്തിറക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. കേരളത്തിൽ മാത്രം നിലനിൽക്കുന്ന എൻഒസി സമ്പ്രദായം ഒഴിവാക്കുന്നത് ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വയംഭരണ കോളേജുകൾക്ക് സർക്കാർ വാരിക്കോരി ഇളവുകൾ നൽകുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി പ്രതികരിച്ചു. മികച്ച നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് സ്വയംഭരണ പദവി നൽകിയിട്ടുള്ളത്. പുതിയ പരിഷ്‌കരണം മെറിറ്റ്, സംവരണ തത്വങ്ങളെ ബാധിക്കില്ലെന്നും സർക്കാർ കോളേജുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുജിസി ചട്ടപ്രകാരം സ്വയംഭരണ കോളേജുകൾക്ക് കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാരിന്റെയോ സർവകലാശാലയുടെയോ അനുമതി ആവശ്യമില്ലെങ്കിലും കേരളത്തിൽ സർവകലാശാലയുടെ പരിശോധനയും അനുമതിയും തുടരും. അതിനുശേഷം വീണ്ടും സർക്കാരിന്റെ എൻഒസി ആവശ്യപ്പെടേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2014ലും 2021ലും നിയമസഭ പാസാക്കിയ സർവകലാശാലാ നിയമങ്ങളിലെ എൻഒസി സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഈ ഇളവുകൾ വിദ്യാഭ്യാസ കച്ചവടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം. വർഷംതോറും പുതുക്കേണ്ടിയിരുന്ന അനുമതി ഇനി മൂന്ന് വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയെന്ന തീരുമാനത്തെയും പ്രതിപക്ഷം ചോദ്യം ചെയ്യുന്നുണ്ട്. നടപടിക്കെതിരെ എസ്എഫ്ഐയും പ്രക്ഷോഭത്തിന് ഒരുങ്ങിയതോടെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്‌കരണങ്ങൾ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.