കൊച്ചി: എറണാകുളം കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ട്മെന്റിൽ സുഹൃത്തിനൊപ്പം എത്തിയ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ബ്രൈറ്റും ചെമ്പുമുക്ക് സ്വദേശിനിയായ സുഹൃത്തും അപ്പാർട്മെന്റിലെത്തിയത്. രാത്രി എട്ടുമണിയോടെ ബ്രൈറ്റ് മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി.
തുടർന്ന് ബ്രൈറ്റിന്റെ സഹോദരനെ വിവരമറിയിക്കുകയും ഇരുവരും ചേർന്ന് യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അവരെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. അതേസമയം, ബ്രൈറ്റ് കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിലെത്തിക്കുന്നതിനു പകരം സഹോദരൻ വരുന്നതുവരെ കാത്തുനിന്നുവെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അപ്പാർട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ ഉൾപ്പെടെ ഉണ്ടായിരുന്നിട്ടും ചികിത്സ വൈകിയെന്നാണ് ബന്ധുക്കളുടെ പരാതി.
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ സൂചന. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് രാവിലെ 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും. മാതാവ് ടിൻസി. സഹോദരങ്ങൾ: ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.











Leave a Reply