ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ പക്ഷാഘാതം (സ്ട്രോക്ക്) ബാധിക്കുന്നവരിൽ 6.4 ശതമാനം പേർക്ക് മാത്രമാണ് രോഗമുക്തിക്കായി നിർദേശിക്കപ്പെട്ട മതിയായ പുനരധിവാസ ചികിത്സ ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ സെന്റിനൽ സ്ട്രോക്ക് നാഷനൽ ഓഡിറ്റ് പ്രോഗ്രാമിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആരോഗ്യരംഗത്തെ ഗുരുതര വീഴ്ച പുറത്തുവന്നത്. പക്ഷാഘാതം ബാധിച്ചവർക്ക് ആഴ്ചയിൽ കുറഞ്ഞത് അഞ്ചു ദിവസം മൂന്നു മണിക്കൂർ ഫിസിയോതെറാപ്പി, സംസാര-ഭാഷാ ചികിത്സ, തൊഴിൽ അധിഷ്ഠിത പുനരധിവാസം എന്നിവ ലഭിക്കണമെന്നാണ് മാർഗനിർദേശം. എന്നാൽ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്കനുസരിച്ച് രോഗികളിൽ ഭൂരിഭാഗത്തിനും ഈ ചികിത്സ ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം അവസാന പാദത്തിൽ 7.5 ശതമാനമായിരുന്ന മതിയായ ചികിത്സ ലഭിച്ചവരുടെ നിരക്ക് ഇപ്പോൾ 6.4 ശതമാനമായി കുറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിൽ പ്രതിവർഷം ഒരു ലക്ഷത്തോളം പേരെയാണ് പക്ഷാഘാതം ബാധിക്കുന്നത്. രോഗത്തെ തുടർന്ന് നടക്കാനും സംസാരിക്കാനും ഭക്ഷണം വിഴുങ്ങാനും പോലും കഴിയാത്ത അവസ്ഥയിലേക്ക് പലരും എത്തുന്നു. എന്നാൽ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ രോഗികൾക്ക് ശരാശരി ലഭിച്ച പുനരധിവാസ ചികിത്സ വെറും 40 മിനിറ്റാണ്. കഴിഞ്ഞ വർഷത്തെ അവസാന പാദത്തെ അപേക്ഷിച്ച് ആറു മിനിറ്റ് കുറവാണിത്. ചിലർക്ക് 15.2 മിനിറ്റ് മാത്രമാണ് ചികിത്സ ലഭിച്ചത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷവും തുടർചികിത്സയും പുനരധിവാസ സഹായവും ലഭിച്ചത് 68 ശതമാനം പേർക്ക് മാത്രമാണ്. ആവശ്യമായ പരിചരണം ലഭിക്കാത്തത് രോഗികളുടെ ശാരീരികവും മാനസികവുമായ വീണ്ടെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി സ്ട്രോക്ക് അസോസിയേഷൻ ചൂണ്ടിക്കാട്ടി. സംഘടനയുടെ കണക്കനുസരിച്ച് പക്ഷാഘാതം മൂലം ബ്രിട്ടന് പ്രതിവർഷം 25.7 ബില്യൺ പൗണ്ടിന്റെ സാമ്പത്തിക ബാധ്യതയുമുണ്ട്.

രോഗികൾക്ക് ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കാത്ത സാഹചര്യം അതീവ ആശങ്കാജനകമാണെന്ന് സ്ട്രോക്ക് അസോസിയേഷൻ മേധാവി ജൂലിയറ്റ് ബോവറി പറഞ്ഞു. രോഗം ബാധിച്ച ആദ്യ ദിവസങ്ങൾ മുതൽ തുടർന്നുള്ള വർഷങ്ങളിൽ വരെ രോഗികൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിൽ ആരോഗ്യ-പരിചരണ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും അവർ വിമർശിച്ചു. അതേസമയം, പക്ഷാഘാതം ബാധിക്കുന്നവർക്ക് അടിയന്തര ചികിത്സയും ദീർഘകാല പുനരധിവാസവും ലഭ്യമാക്കാൻ എൻഎച്ച്എസ് ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വക്താവ് അറിയിച്ചു. ഹൃദ്രോഗവും പക്ഷാഘാതവും മൂലമുള്ള അകാലമരണങ്ങൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ 25 ശതമാനം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.