ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ തനിഷ്ക് ജൂവലറി ഷോറൂമിൽ വൻ കവർച്ച. ഏകദേശം 500 പവനോളം സ്വർണാഭരണങ്ങൾ മോഷണം പോയതായാണ് പ്രാഥമിക വിവരം. കവർച്ച നടന്ന ഷോറൂം 15 ദിവസം മുമ്പ് മാത്രമാണ് പ്രവർത്തനം ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണ് മോഷണം നടന്നത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന് സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മോഷണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഷോറൂമിൽ സൂക്ഷിച്ചിരുന്ന ആകെ സ്വർണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായി മധുര സിറ്റി പോലീസ് കമ്മിഷണർ രാജേന്ദ്രൻ അറിയിച്ചു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുടെ കൃത്യമായ അളവും മൂല്യവും കണ്ടെത്താൻ പരിശോധന തുടരുകയാണ്. പ്രതിയെ കണ്ടെത്തുന്നതിനും മോഷണം പോയ സ്വർണം വീണ്ടെടുക്കുന്നതിനുമായി മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെ പോലീസ് നിയോഗിച്ചിട്ടുണ്ട്.











Leave a Reply