ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സൈപ്രസിൽ ബ്രിട്ടീഷ് സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബ്രിട്ടീഷ് സൈനികനെതിരെ കുറ്റം ചുമത്തി. റോയൽ റെജിമെന്റ് ഓഫ് സ്കോട്ട് ലൻഡിന്റെ നാലാം ബറ്റാലിയനിൽ (ഹൈലാൻഡേഴ്സ്) സേവനമനുഷ്ഠിക്കുന്ന ലാൻസ് കോർപറൽ നിക്കോളാസ് ഹോണിനെതിരെയാണ് കേസ്. ഒക്ടോബർ 23നാണ് ഇയാൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് സീരിയസ് ക്രൈം കമാൻഡ് അറിയിച്ചു. ബ്രിട്ടീഷ് ഫോഴ്സസ് സൈപ്രസിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സൈനികയെ പീഡിപ്പിച്ചെന്ന പരാതി ഒക്ടോബർ 17നാണ് അധികൃതർക്ക് ലഭിച്ചത്. തുടർന്ന് ഒക്ടോബർ 19ന് നിക്കോളാസിനെ അറസ്റ്റ് ചെയ്തു.

സംഭവത്തിൽ സൈനിക പൊലീസിന്റെ സഹകരണത്തോടെ ഡിഫൻസ് സീരിയസ് ക്രൈം കമാൻഡിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയായിരുന്നു. കേസിൽ കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ നിക്കോളാസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ലൈംഗികാതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടുവരുന്നവരുടെ ധൈര്യത്തെ മാനിക്കുന്നതായി ബ്രിട്ടീഷ് സൈനിക വക്താവ് പറഞ്ഞു. ലൈംഗിക കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ സൈനിക സേവനത്തിൽനിന്ന് പുറത്താക്കുമെന്നും അധികൃതർ വ്യക്തമാക്കി. സായുധ സേനയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനങ്ങളും നിലവിലുണ്ട്.
ബ്രിട്ടീഷ് സൈന്യത്തിലെ ലൈംഗികാതിക്രമങ്ങളും ദുരുപയോഗങ്ങളും തടയുന്നതിനുള്ള നടപടികൾ പ്രതിരോധ മന്ത്രാലയം സമീപ വർഷങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ബ്രിട്ടനിലും വിദേശത്തുമുള്ള സൈനിക കേന്ദ്രങ്ങളിൽ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിലെ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 2025ൽ നടത്തിയ ആദ്യ ഔദ്യോഗിക സർവേയിൽ, മുഴുവൻ സമയ സൈനിക സേവനത്തിലുള്ള പത്തിൽ ഒരാൾക്കടുത്ത് സ്ത്രീകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ലൈംഗികാതിക്രമത്തിനോ സമ്മതമില്ലാത്ത മറ്റ് ലൈംഗിക പ്രവർത്തനങ്ങൾക്കോ ഇരയായതായി കണ്ടെത്തിയിരുന്നു. സൈന്യത്തിനുള്ളിലെ ഇത്തരം സംഭവങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് പുതിയ കേസ്.











Leave a Reply