ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുവാവുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ 16കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 18കാരി കുറ്റം സമ്മതിച്ചു. വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്സിൽ മാർച്ച് 28നായിരുന്നു സംഭവം. ക്ലോയ് വാട്സൺ ഡ്രാൻസ്ഫീൽഡ് എന്ന പെൺകുട്ടിയെ കെയ്‌ല സ്മിത്ത് (18) കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരേ യുവാവുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ഇതേച്ചൊല്ലി നേരത്തേ തർക്കമുണ്ടായിരുന്നുവെന്നും ലീഡ്സ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ വ്യക്തമായി. ആദ്യം മനഃപൂർവമല്ലാത്ത നരഹത്യ (മാൻസ്ലോട്ടർ) എന്ന കുറ്റം സമ്മതിക്കുകയും കൊലപാതകക്കുറ്റം നിഷേധിക്കുകയും ചെയ്ത സ്മിത്ത്, വിചാരണയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച നിലപാട് മാറ്റി കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതിയിൽ സമർപ്പിച്ച സിസിടിവി, ഡോർബെൽ ക്യാമറ ദൃശ്യങ്ങൾ പ്രകാരം സ്മിത്ത് മുത്തച്ഛന്റെ വീട്ടുവളപ്പിലെ അനുബന്ധ കെട്ടിടത്തിൽനിന്ന് കത്തിയുമായി പുറത്തേക്കിറങ്ങുകയായിരുന്നു. നേരത്തേ ഫോണിലൂടെ ക്ലോയിയെ കഴുത്തിൽ കുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിചാരണയിൽ മൊഴിയുണ്ടായി. ബ്ലേക്ക് ഡൗളിങ് ഇരുവരും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കം അറിയാമായിരുന്നിട്ടും ക്ലോയിയെ ടാക്സിയിൽ സ്മിത്തിന്റെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം. തുടർന്ന് നടന്ന ആക്രമണത്തിൽ കഴുത്തിലും പുറത്തുമായി അഞ്ചുതവണ കുത്തേറ്റ ക്ലോയ് രക്തം വാർന്ന് മരിച്ചു. ആക്രമണത്തിന് 37 മിനിറ്റിന് ശേഷമാണ് ആംബുലൻസിനെ വിളിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 6.40ന് മരണം സ്ഥിരീകരിച്ചു.

സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബ്ലേക്ക് ഡൗളിങ് (18), ആർച്ചി റൈക്രോഫ്റ്റ് (20) എന്നിവർക്കെതിരായ വിചാരണ തുടരുകയാണ്. ക്ലോയിയെ ആക്രമണസ്ഥലത്തെത്തിച്ച് അക്രമത്തിന് സാഹചര്യമൊരുക്കിയെന്നാണ് ഡൗളിങ്ങിനെതിരായ ആരോപണം. സ്മിത്തിനൊപ്പം സ്ഥലത്തെത്തിയ റൈക്രോഫ്റ്റ് ആക്രമണം മൊബൈൽ ഫോണിൽ ചിത്രീകരിക്കാനും സഹായിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഇരുവരും കൊലപാതക, നരഹത്യാ കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് നിർബന്ധമാണെന്നും സ്മിത്ത് എത്രകാലം കുറഞ്ഞത് ജയിലിൽ കഴിയണമെന്നത് വിചാരണ പൂർത്തിയായശേഷം തീരുമാനിക്കുമെന്നും ജഡ്ജി അറിയിച്ചു.