ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനിടെ യൂണിഫോമുകളില്‍ ഇളവ് അനുവദിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. കടുത്ത ചൂടില്‍ ഷോര്‍ട്‌സ് ധരിക്കാന്‍ അനുവദിക്കാത്തതിന് പാവാട ധരിച്ച് ആണ്‍കുട്ടികളുടെ പ്രതിഷേധം. ഡെവണിലെ ഇസ്‌ക അക്കാഡമിയിലാണ് ഈ പ്രതിഷേധം അരങ്ങേറിയത്. 1976ല്‍ അനുക്ഷഭവപ്പെട്ടതിന് സമാനമായ കടുത്ത ചൂടാണ് ഈ വര്‍ഷം അനുഭവപ്പെടുന്നത്. അക്കാഡമിയിലെ 30ഓളം ആണ്‍കുട്ടികളാണ് പാവാട ധരിച്ച് ക്ലാസില്‍ എത്തിയത്. പെണ്‍ സുഹൃത്തുക്കളില്‍ നിന്നോ സഹോദരിമാരില്‍ നിന്നോ വാങ്ങിയ പാവാടയും ധരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തിയതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് കുതിക്കാന്‍ തുടങ്ങിയതോടെ തങ്ങളുടെ ട്രൗസറുകള്‍ക്ക് പകരം ഷോര്‍ട്‌സ് ധരിച്ചോട്ടെയെന്ന് ആണ്‍കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് ചോദിച്ചിരുന്നു. എന്നാല്‍ സ്‌കൂള്‍ നിയമങ്ങള്‍ അതിന് അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. പെണ്‍കുട്ടികള്‍ക്ക് സ്‌കേര്‍ട്ട് ധരിക്കുന്നതില്‍ കുഴപ്പമില്ല, തങ്ങള്‍ക്ക് മാത്രം എന്തിനാണ് നിയന്ത്രണമെന്ന് ആണ്‍കുട്ടികള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ പാവാട ധരിച്ചാലും കുഴപ്പമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് ബുധനാഴ്ച പാവാട ധരിച്ച ക്ലാസിലെത്താന്‍ ഇവര്‍ തീരുമാനിച്ചത്.

വ്യാഴാഴ്ചയോടെ പാവാട ധരിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായി. 30ഓളം പേര്‍ ഈ വിധത്തില്‍ സ്‌കൂളിലെത്തി. ചിലരാകട്ടെ കാലുകള്‍ ഷേവ് ചെയ്യാന്‍ വരെ പണം മുടക്കിയെന്നാണ് വിവരം. പാവാടയിലെ സ്വാതന്ത്രത്തെക്കുറിച്ചാണ് ചിലര്‍ വാചാലരായത്. യൂണിഫോമിലെ ജാക്കറ്റുകള്‍ ധരിക്കാത്തതിന് കുട്ടികളെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടതായുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.