തിരുവനന്തപുരം: ചാലയിൽ നടന്ന സ്വർണക്കവർച്ചയ്ക്ക് പിന്നിൽ 25 ലക്ഷം രൂപയുടെ ക്വട്ടേഷനെന്ന് പൊലീസിന്റെ കണ്ടെത്തൽ. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ചേർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ഗൂഢാലോചന നടന്നിരുന്നു. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സംഭവസ്ഥലത്തെത്തി പദ്ധതി പരീക്ഷിക്കുകയും ചെയ്തു. മാളവിക ജ്വല്ലറി ഉടമ ജയറാമിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ക്വട്ടേഷൻ സംഘത്തിന് മുഖ്യപ്രതി അമോൽ ആദ്യം കൈമാറിയത് നാലു ലക്ഷം രൂപയാണ്. കവർച്ച നടത്തിയ ശേഷവും നാലു ലക്ഷം രൂപ കൂടി നൽകി. കൂട്ടുപ്രതി ദിലീപ് വഴിയാണ് പണം കൈമാറിയത്. ദിലീപ് ബാങ്ക് അക്കൗണ്ട് വഴി തമിഴ്നാട്ടിലായിരുന്ന ക്വട്ടേഷൻ സംഘാംഗം അനൂപ് രാജിന് തുക അയച്ചുനൽകുകയായിരുന്നു. കവർച്ച നടന്ന ദിവസം രാവിലെ തന്നെ അമോൽ 85 ഗ്രാം സ്വർണം വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന് കൈമാറിയിരുന്നു. കവർന്ന സ്വർണത്തിൽനിന്ന് 85 ഗ്രാം തിരികെ നൽകണമെന്നും അമോൽ ആവശ്യപ്പെട്ടിരുന്നു.
കവർച്ചയ്ക്ക് തലേദിവസം നടത്തിയ പരീക്ഷണത്തിൽ ദിലീപും പങ്കെടുത്തിരുന്നു. എന്നാൽ, പ്രതികൾ നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽനിന്ന് പുറത്തുപോകാതിരുന്നതോടെ ആദ്യ നീക്കം പരാജയപ്പെട്ടു. പിന്നീട് സാഹചര്യം വിലയിരുത്തിയാണ് കവർച്ച നടപ്പാക്കിയത്. കേസിലെ മുഖ്യപ്രതിയായ അമോലിനെയും ദിലീപിനെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മാളവിക ജ്വല്ലറി ഉടമ ജയറാമിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു.











Leave a Reply