കോട്ടയം: കേരളത്തിൽ ലഹരിമരുന്ന് കടത്ത് കേസുകളിൽ വിദേശികളുടെ പങ്കാളിത്തം വർധിക്കുന്നതിൽ ആശങ്ക അറിയിച്ച് സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം വിവിധ രാജ്യങ്ങളിലെ എംബസികൾ, കോൺസുലേറ്റുകൾ, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ആറു തവണ ചർച്ച നടത്തി. ലഹരിക്കടത്തിനെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ബോധവൽക്കരണ പരിപാടിയായ ഓപ്പറേഷൻ തൂഫാൻ വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.
നിലവിൽ വിവിധ കേസുകളിലായി 268 വിദേശികളാണ് കേരളത്തിലെ ജയിലുകളിൽ കഴിയുന്നത്. ഇവരിൽ 233 പേർ പുരുഷന്മാരും 35 പേർ സ്ത്രീകളുമാണ്. രാജ്യാടിസ്ഥാനത്തിൽ ബംഗ്ലദേശിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ; 175 പേർ. ശ്രീലങ്കയിൽനിന്ന് 22 പേരും നൈജീരിയയിൽനിന്ന് 17 പേരും നേപ്പാളിൽനിന്ന് 14 പേരും ഇറാനിൽനിന്ന് ആറുപേരും തടവിലുണ്ട്. ആകെ 26 രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിവിധ കേസുകളിൽ പിടിയിലായിട്ടുള്ളത്.
ജയിലിലുള്ളവരിൽ 73 പേർ ശിക്ഷിക്കപ്പെട്ടവരും 195 പേർ റിമാൻഡിലും വിചാരണത്തടവിലുമായി കഴിയുന്നവരുമാണ്. സാധുവായ പാസ്പോർട്ടോ യാത്രാരേഖകളോ ഇല്ലാത്ത 71 പേരും വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിലെത്തിയ 29 പേരും തടവിലുണ്ട്. ലഹരിമരുന്ന് കടത്തിനു പുറമേ വധശ്രമം, കവർച്ച, സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം, ആയുധക്കടത്ത് തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിലും വിദേശികൾ പ്രതികളായിട്ടുണ്ട്.











Leave a Reply