ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വെയിൽസ് രാജകുമാരൻ വില്യമും ഭാര്യ വെയിൽസ് രാജകുമാരി കാതറിനും മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇരുവരും കൂടിക്കാഴ്ച നടത്തും. നാലു വർഷത്തിനുശേഷമാണ് വില്യമും കാതറിനും ഒരുമിച്ച് വിദേശരാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ക്യാൻസർ ചികിത്സയെ തുടർന്ന് കാതറിൻ വിദേശയാത്രകൾ പരിമിതപ്പെടുത്തിയിരുന്നു. ഇത്തവണ ഭർത്താവിനൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അവർ എത്തിയത് ഏറെ ശ്രദ്ധേയമാണ്. വില്യം രാജകുമാരൻ സ്ഥാപിച്ച പരിസ്ഥിതി സംരക്ഷണ പദ്ധതിയായ എർത്ത്‌ഷോട്ട് പ്രൈസുമായി ബന്ധപ്പെട്ട പരിപാടികൾക്കാണ് സന്ദർശനത്തിൽ പ്രധാന പരിഗണന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുംബൈയിലെത്തിയ രാജകീയ ദമ്പതികൾ പരിസ്ഥിതി സംരക്ഷണം, ക്രിക്കറ്റ്, യുവകുടുംബങ്ങൾ, ബോളിവുഡ് സിനിമാ മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച അഞ്ച് നൂതന ആശയങ്ങൾക്ക് പത്തുലക്ഷം പൗണ്ട് വീതം സമ്മാനം നൽകുന്ന എർത്ത്‌ഷോട്ട് പുരസ്കാര ജേതാക്കളെയും പ്രഖ്യാപിക്കും. ഇന്ത്യയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ഉപയോഗം വർധിപ്പിക്കുന്ന പദ്ധതികളും നാസയുടെ സാങ്കേതികവിദ്യയെക്കാൾ വേഗത്തിൽ കാട്ടുതീ കണ്ടെത്താൻ സഹായിക്കുന്ന സംവിധാനങ്ങളും പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നവയിൽ ഉൾപ്പെടുന്നു. കരൺ ജോഹർ അവതാരകനാകുന്ന ചടങ്ങിൽ പ്രശസ്ത സംഗീതസംഘമായ ടേക്ക് ദാറ്റ് സംഗീതപരിപാടി അവതരിപ്പിക്കും. നടൻ റാമി മാലെക്കും ഓസ്‌ട്രേലിയൻ പരിസ്ഥിതി പ്രവർത്തകൻ റോബർട്ട് ഇർവിനും ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ബുധനാഴ്ച മുംബൈയിൽനിന്ന് ന്യൂഡൽഹിയിലെത്തുന്ന വില്യമും കാതറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. നേരത്തേ നിശ്ചയിച്ചിരുന്ന ഫിലിപ്പീൻസ് സന്ദർശനം കഴിഞ്ഞ് മോദി തിരിച്ചെത്തുന്ന സാഹചര്യം കണക്കിലെടുത്താണ് കൂടിക്കാഴ്ച രാജകീയ സന്ദർശനത്തിന്റെ പരിപാടിയിൽ അവസാനനിമിഷം ഉൾപ്പെടുത്തിയത്. 2016-ൽ ഇന്ത്യയിലും ഭൂട്ടാനിലുമായി നടത്തിയ ഏഴുദിവസത്തെ സന്ദർശനത്തിനിടെയാണ് ഇരുവരും അവസാനമായി മോദിയെ കണ്ടത്. ഇന്ത്യ എർത്ത്‌ഷോട്ട് പദ്ധതിക്ക് കഴിഞ്ഞ ആറുവർഷമായി വലിയ സംഭാവനയാണ് നൽകുന്നതെന്നും ഈ പദ്ധതിയിലെ ഫൈനലിസ്റ്റുകളുടെയും ജേതാക്കളുടെയും എണ്ണത്തിൽ മറ്റെല്ലാ രാജ്യങ്ങളേക്കാളും മുന്നിലാണെന്നും വില്യം രാജകുമാരൻ ഇന്ത്യയിലെത്തിയ ശേഷം സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ നയതന്ത്രബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായും ഈ സന്ദർശനം വിലയിരുത്തപ്പെടുന്നു.