ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബലാത്സംഗം, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളിൽ പത്തര വർഷം തടവുശിക്ഷ ലഭിച്ച് ജയിലിലായ ബ്രിട്ടീഷ് ഹാസ്യനടൻ റസ്സൽ ബ്രാൻഡിന്റെ ആദ്യ സന്ദേശം ഭാര്യ ലോറ ഗല്ലച്ചർ പുറത്തുവിട്ടു. ഞായറാഴ്ച സംപ്രേഷണം ചെയ്ത ഇരുവരുടെയും യൂട്യൂബ് പോഡ്കാസ്റ്റായ ‘സൺഡേ സർവീസി’ലൂടെയാണ് സന്ദേശം വായിച്ചത്. വിചാരണക്കാലത്തും ഇരുവരും ഈ പോഡ്കാസ്റ്റ് തുടർന്നിരുന്നു. റസ്സൽ ബ്രാൻഡ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മറ്റു മൂന്ന് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയും ചെയ്ത കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി തടവുശിക്ഷ വിധിച്ചത്. 2017-ലാണ് ബ്രാൻഡും ലോറയും വിവാഹിതരായത്. ഭർത്താവിന്റെ സന്ദേശം വായിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ബൈബിളിൽ നിന്നുള്ള ഭാഗവും ലോറ പോഡ്കാസ്റ്റിൽ അവതരിപ്പിച്ചു.

‘ഞാൻ ശിക്ഷിക്കപ്പെട്ട കുറ്റങ്ങൾ ചെയ്തിട്ടില്ല. അതിനാൽ എന്തോ വിചിത്രമായ കാര്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്’ എന്നാണ് ബ്രാൻഡിന്റെ സന്ദേശത്തിൽ പറയുന്നത്. ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നവർക്കൊപ്പം ദൈവമുണ്ടെന്നും ജയിലിലെ ജീവനക്കാർ കരുണയുള്ളവരും ഉത്തരവാദിത്തബോധമുള്ളവരുമാണെന്നും അദ്ദേഹം കുറിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ലൈംഗിക കുറ്റവാളികൾക്കായുള്ള ജയിലിലാണ് താൻ കഴിയുന്നതെന്നും സന്ദേശത്തിൽ പരാമർശിക്കുന്നു. സഹതടവുകാരെ വിധിക്കാൻ തനിക്ക് അവകാശമില്ലെന്നും എല്ലാവരോടും സ്നേഹവും പ്രാർത്ഥനയും ക്ഷമയും പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഭാര്യയെയും കുടുംബത്തെയും പിന്തുണയ്ക്കണമെന്നും സന്ദേശത്തിൽ അഭ്യർഥിച്ചു. ഭർത്താവിന്റെ കുറിപ്പ് വായിക്കുന്നതിനിടെ ലോറ വികാരാധീനയായി.

ഭർത്താവില്ലാതെയും പോഡ്കാസ്റ്റ് തുടരുമെന്ന് ലോറ അറിയിച്ചു. തനിക്കും റസ്സലിനും ഏറെ പ്രിയപ്പെട്ട സംരംഭമാണ് സൺഡേ സർവീസെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. ഭർത്താവുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം സുഖമായിരിക്കുന്നതായും പ്രാർത്ഥനയിൽ കഴിയുന്നതായും ലോറ വ്യക്തമാക്കി. ആദ്യം ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലായിരുന്ന ബ്രാൻഡിനെ പിന്നീട് കേംബ്രിഡ്ജ്ഷയറിലെ കാറ്റഗറി സി വിഭാഗത്തിലുള്ള ലിറ്റിൽഹേയ് ജയിലിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. പത്തര വർഷത്തെ തടവുശിക്ഷയിൽ മൂന്നിൽ രണ്ടുഭാഗം പൂർത്തിയാക്കിയശേഷം പരോളോടെ മോചിതനാകാനാണ് സാധ്യത. ജീവിതകാലം മുഴുവൻ ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിൽ പേര് നിലനിർത്തുകയും വേണം.











Leave a Reply