ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മിഡിൽടണിലുള്ള കോസി ടോസ് നേഴ്സറിയിൽ മെഡിക്കൽ എമർജൻസിയെ തുടർന്ന് മൂന്ന് വയസ്സുകാരൻ മരിച്ചു. നവംബർ രണ്ടിന് ഉച്ചകഴിഞ്ഞാണ് കുട്ടിക്ക് ആരോഗ്യപ്രശ്നമുണ്ടായതിനെ തുടർന്ന് അടിയന്തര സേവനങ്ങളെ വിവരം അറിയിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു. സംഭവസ്ഥലത്തിന് സമീപം എയർ ആംബുലൻസും മൂന്ന് പൊലീസ് വാഹനങ്ങളും ആംബുലൻസും അടിയന്തര ചികിത്സാ സംഘവും എത്തിയിരുന്നു. നവംബർ അഞ്ചിനാണ് കുട്ടി മരിച്ചതെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് നവംബർ 18ന് സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഒരു ശിശുപരിപാലന കേന്ദ്രത്തിൽ നടന്നതായതിനാൽ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സഹായം നൽകിവരികയാണെന്നും അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടമായതിനാൽ ലഭ്യമായ തെളിവുകളും സംഭവവിവരങ്ങളും വിശദമായി പരിശോധിക്കുകയാണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ക്ലെയർ ബ്രണ്ണൻ വ്യക്തമാക്കി.

അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് പരിചരണം നൽകുന്ന കോസി ടോസ് സ്ഥാപനത്തിന് മിഡിൽടണിൽ നാല് നേഴ്‌സറികളാണുള്ളത്. സംഭവത്തിന് പിന്നാലെ ഈ നാല് നേഴ്‌സറികളും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി നേഴ്‌സറിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം പരിശോധിക്കുന്ന ഓഫ്‌സ്റ്റഡ് അറിയിച്ചു. അന്വേഷണവുമായി പൊലീസിനും മറ്റ് ബന്ധപ്പെട്ട ഏജൻസികൾക്കും പൂർണ സഹകരണം നൽകുമെന്ന് നേഴ്‌സറി അധികൃതരും വ്യക്തമാക്കി. കുട്ടിയുടെ മരണത്തിൽ കുടുംബത്തിനും ജീവനക്കാർക്കും അനുശോചനം അറിയിക്കുകയും ചെയ്തു.