തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷനിലെ (പി.എസ്.സി) അഞ്ച് ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോൺഗ്രസിന്റെ നാല് പ്രതിനിധികളെയും മുസ്ലിം ലീഗിന്റെ ഒരു പ്രതിനിധിയെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തർക്കമുണ്ടായ കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ചെങ്കിലും അത് പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ടാണോയെന്ന് വ്യക്തമാക്കിയില്ല. എന്നാൽ മാധ്യമങ്ങളിൽ വന്ന പട്ടിക തന്നെയാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
കോൺഗ്രസ് പ്രതിനിധികളായി ജി. ഗോപകുമാർ, രമേശ് എം. തമ്പി, റോസമ്മ ഫിലിപ്പ്, ആർ. സനൽകുമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. കോട്ടയം ഡി.സി.സി വൈസ് പ്രസിഡന്റും ഗ്രാമീണ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ജി. ഗോപകുമാർ കെ.എസ്.യുവിലൂടെയാണ് പൊതുരംഗത്തെത്തിയത്. പി.എസ്.സിയിൽ 33 വർഷത്തിലേറെ സേവനമനുഷ്ഠിച്ച മുൻ അഡീഷണൽ സെക്രട്ടറി രമേശ് എം. തമ്പി, വിദ്യാഭ്യാസ-സർവകലാശാലാ മേഖലകളിൽ 32 വർഷത്തെ പരിചയമുള്ള മുൻ കോളേജ് പ്രിൻസിപ്പൽ റോസമ്മ ഫിലിപ്പ് എന്നിവരും പട്ടികയിലുണ്ട്. ആലപ്പുഴ തകഴി സ്വദേശിയും മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറുമായ അഭിഭാഷകൻ ആർ. സനൽകുമാറും പുതിയ അംഗമാകും.
മുസ്ലിം ലീഗ് പ്രതിനിധിയായി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തെയാണ് തിരഞ്ഞെടുത്തത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമായ അദ്ദേഹം പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ്. സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ ലെയ്സൺ ഓഫീസറായും ചന്ദ്രികയിൽ കറസ്പോണ്ടന്റായും ക്രസന്റ് ടൈംസ് ഇംഗ്ലീഷ് മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് പേരുടെയും നിയമനത്തോടെ പി.എസ്.സിയിലെ ഒഴിവുകൾ നികത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.











Leave a Reply