ഹാവർഹിൽ: യുകെ.യിലെ മലയാളി സമൂഹത്തിന്റെ ക്ഷേമവും സുരക്ഷിതമായ കുടുംബജീവിതവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജീവൻ ട്രസ്റ്റ് യുകെയും ഹാവർഹിൽ മലയാളി അസോസിയേഷനും (HMA) സംയുക്തമായി സംഘടിപ്പിക്കുന്ന ‘സിനർജി 2026’ ബോധവത്കരണ പരിപാടി നവംബർ 28 ശനിയാഴ്ച ഹാവർഹില്ലിൽ നടക്കും.

രാവിലെ 9.30 മുതൽ വിവിധ മേഖലകളിലെ പ്രമുഖ പ്രൊഫഷണലുകൾ നയിക്കുന്ന ബോധവത്കരണ ക്ലാസുകളും സംവാദങ്ങളും നടക്കും.

2023 ഏപ്രിൽ 10-ന് സ്ഥാപിതമായ ജീവൻ ട്രസ്റ്റ് യുകെ, വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ കൂട്ടായ്മയിലൂടെ മലയാളി സമൂഹത്തിന് സൗജന്യ സഹായവും മാർഗനിർദേശവും നൽകുന്ന സന്നദ്ധ സംഘടനയാണ്.

ഗാർഹിക പീഡനം, കുടുംബ പ്രശ്നങ്ങൾ, മാനസികാരോഗ്യം, കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷ, തൊഴിൽ പ്രശ്നങ്ങൾ, നിയമപരമായ ബോധവത്കരണം, ആരോഗ്യ–സാമൂഹിക സേവനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് സംഘടന പ്രവർത്തിക്കുന്നത്.

വിദഗ്ധ പ്രഭാഷകരും അവതരണ വിഷയങ്ങളും

1. ശ്രീ. സിബി തോമസ്
ചെയർപേഴ്‌സൺ, ജീവൻ ട്രസ്റ്റ് യുകെ
വിഷയം: മുതിർന്നവരുടെ സാമൂഹിക സംരക്ഷണവും സഹായ സംവിധാനങ്ങളും (Adult Social Care & Support Services).

2. ഡോ. സോജി അലക്സ് തച്ചങ്കേരി
ജനറൽ പ്രാക്ടീഷണർ, PRO, ജീവൻ ട്രസ്റ്റ് യുകെ
വിഷയം: GP രജിസ്‌ട്രേഷനും NHS ആരോഗ്യ സേവനങ്ങളും.

3. ഡോ. സൂസൻ ഫിലിപ്പ്
സീനിയർ ലക്ചറർ, സോഷ്യൽ വർക്ക്
വിഷയം: ഗാർഹിക പീഡനം, പ്രതിരോധം, സഹായ സംവിധാനങ്ങൾ.

4. ഡോ. അജിമോൾ പ്രതീപ് BEM
ജോയിന്റ് സെക്രട്ടറി, ജീവൻ ട്രസ്റ്റ് യുകെ
വിഷയം: സ്റ്റെം സെൽ ദാനത്തിന്റെ പ്രാധാന്യവും ബോധവത്കരണവും.

5. ശ്രീമതി മനീഷ ജോസഫ്
വൈസ് ചെയർപേഴ്‌സൺ, ജീവൻ ട്രസ്റ്റ് യുകെ
മാട്രൺ, Gastroenterology & Endocrinology
വിഷയം: നഴ്‌സിംഗ് സേവനങ്ങളും ആരോഗ്യപരിപാലനവും.

6. ഡോ. മെർലിൻ വിമല സെബാസ്റ്റ്യൻ
സീനിയർ ഡെന്റൽ ഓഫീസർ
വിഷയം: ദന്താരോഗ്യവും NHS ദന്തചികിത്സാ സേവനങ്ങളും.

വിശിഷ്ട വ്യക്തികൾക്ക് സ്വീകരണവും ആദരവും

ഉച്ചയ്ക്ക് 12.30-ന്, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 ജേതാവ് ഡോ. അജിമോൾ പ്രതീപ് BEM, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (RCN) പ്രസിഡന്റ് ശ്രീ. ബിജോയ് സെബാസ്റ്റ്യൻ എന്നിവർക്ക് ജീവൻ ട്രസ്റ്റ് യുകെയും ഹാവർഹിൽ മലയാളി അസോസിയേഷനും സംയുക്തമായി സ്വീകരണം നൽകുകയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചടങ്ങിൽ ജീവൻ ട്രസ്റ്റ് യുകെയെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ. ജിജിമോൻ വരിക്കാശ്ശേരി, അഡ്വ. ഫ്രാൻസിസ് കവലക്കാട്ടിൽ, നാഷണൽ സെക്രട്ടറി ശ്രീ. എബ്രഹാം ലൂക്കോസ് എന്നിവർ പങ്കെടുക്കും.

സ്വീകരണ ചടങ്ങിനെ തുടർന്ന് ഉച്ചഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വന്തം പണവും വിലപ്പെട്ട സമയവും ചെലവഴിച്ച് ഏറെ ദൂരം സഞ്ചരിച്ചാണ് വിദഗ്ധർ ഹാവർഹില്ലിലേക്ക് എത്തുന്നത്. ഇവരുടെ അറിവും അനുഭവസമ്പത്തും സൗജന്യ സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് സിനർജി പരിപാടി.

വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങൾക്ക് മറുപടി തേടാനും ആവശ്യമായ മാർഗനിർദേശങ്ങൾ നേടാനും പരിപാടി അവസരമൊരുക്കും.

പരിപാടിയുടെ വിശദാംശങ്ങൾ

തീയതി: 2026 നവംബർ 28, ശനിയാഴ്ച
സമയം: രാവിലെ 9.30 മുതൽ
സ്വീകരണവും ആദരിക്കലും: ഉച്ചയ്ക്ക് 12.30
തുടർന്ന് ഉച്ചഭക്ഷണം

വേദി:
Chalkstone Community Centre
Millfields Way
Haverhill, Suffolk
CB9 0JB

Jeevan Trust UK Helpline: 07828 103000

ഹാവർഹില്ലിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നതായും ഈ വിലപ്പെട്ട അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.

ആരോഗ്യമുള്ള വ്യക്തി, സന്തുഷ്ട കുടുംബം, സുരക്ഷിത സമൂഹം — അതാണ് ജീവൻ ട്രസ്റ്റിന്റെ ലക്ഷ്യം.

എബ്രഹാം ലൂക്കോസ്
നാഷണൽ സെക്രട്ടറി
ജീവൻ ട്രസ്റ്റ് യുകെ