ദുബായ്: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുകയും സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് മാസിനെ യുഎഇയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. മഹാരാഷ്ട്ര പൊലീസിന്റെ ആവശ്യപ്രകാരം സിബിഐ മുഖേന ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്നാണ് യുഎഇ അധികൃതർ പ്രതിയെ പിടികൂടിയത്. തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി മഹാരാഷ്ട്ര പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പൊലീസ് അകമ്പടിയോടെ പ്രതിയെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചു.
വിവാഹവാഗ്ദാനം നൽകി ശാരീരികമായും മാനസികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് ആദ്യം കേസെടുത്തത്. പരാതിക്കാരിയിൽനിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. അന്വേഷണത്തിൽ സമാനമായ രീതിയിൽ 13 യുവതികളെക്കൂടി പ്രതി വഞ്ചിച്ചതായി കണ്ടെത്തി. ആകെ 14 യുവതികളുമായി അടുപ്പം സ്ഥാപിച്ച ശേഷം അവരുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും പിന്നീട് ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
തട്ടിപ്പ് പുറത്തായതോടെ മുഹമ്മദ് മാസിൻ വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർഥനപ്രകാരം സിബിഐയുടെ എൻസിബി ന്യൂഡൽഹി വിഭാഗം ഇന്റർപോൾ വഴി റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. തുടർന്ന് നടത്തിയ രാജ്യാന്തര അന്വേഷണത്തിലാണ് യുഎഇയിൽ പ്രതിയുടെ സാന്നിധ്യം കണ്ടെത്തിയത്. യുഎഇ അധികൃതർ അറസ്റ്റ് ചെയ്ത പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിലേക്ക് നാടുകടത്തിയത്. കേസിൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടരുന്നതിനാൽ പ്രതിയെ ഇന്ത്യയിലെത്തിച്ചത് തുടർനിയമനടപടികളിൽ നിർണായകമായിരിക്കുകയാണ്.











Leave a Reply