ബെംഗളൂരു: ആൺസുഹൃത്തിന്റെ സംശയമാണ് മലയാളി നേഴ്സിങ് വിദ്യാർത്ഥിനിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്. പത്തനംതിട്ട അടൂർ സ്വദേശിനിയായ ഗംഗ (22) ആണ് ബെംഗളൂരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ ആൺസുഹൃത്ത് ഗോകുൽ കൃഷ്ണയെ (23) പോലീസ് അറസ്റ്റ് ചെയ്തു. ഗംഗ തന്നെ ഒഴിവാക്കുകയാണെന്ന സംശയം ഗോകുലിനുണ്ടായിരുന്നതായും ഫോൺ വിളിക്കുമ്പോൾ പലപ്പോഴും ലൈൻ തിരക്കിലാകുന്നത് സംശയം വർധിപ്പിച്ചതായും പോലീസ് പറയുന്നു. വ്യാഴാഴ്ച ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ ഗംഗയുടെ ഫോണിലേക്ക് മറ്റൊരു കോൾ വന്നതിനെച്ചൊല്ലി തർക്കമുണ്ടായി. തുടർന്നുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലായിരുന്നു സംഭവം. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ എത്തിയ ഇരുവരും വെള്ളിയാഴ്ച രാവിലെയും തർക്കത്തിലേർപ്പെട്ടു. ഇതിനിടെ ഗോകുൽ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഗംഗയുടെ വയറിൽ കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്ന ഗംഗയെ ഉടൻ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം കത്തിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഗോകുലിനെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു.
ബെംഗളൂരു നെലമംഗലയിലെ ഹർഷ നേഴ്സിങ് കോളേജിൽ പഠിക്കുമ്പോഴാണ് ഗംഗയും ഗോകുലും പരിചയത്തിലായത്. ഗോകുലിന്റെ ജൂനിയറായിരുന്നു ഗംഗ. നേഴ്സിങ് പ്രവേശനത്തിനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിക്കുന്നതിനും സഹായങ്ങൾ ചെയ്തുകൊടുക്കുന്നയാളായിരുന്നു ഗോകുൽ. പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസവും ലോഡ്ജിന് സമീപത്തെ റോഡിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായി പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലെത്തുമ്പോൾ തന്നെ ഗോകുൽ കത്തി കരുതിയിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടരുകയാണ്.











Leave a Reply